ഇന്ത്യയിലെ മുസ്‌ലിം വേട്ടയെ അപലപിച്ച് കുവൈത്ത് ദേശീയ അസംബ്ലി

കൊലപാതകം, കുടിയൊഴിപ്പിക്കല്‍, വീട് കത്തിക്കല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമവും വിവേചനവും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യപ്പെടുത്തുന്നതായി നിയമനിര്‍മ്മാതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Update: 2021-09-30 12:56 GMT

മനാമ: ഇന്ത്യന്‍ ഭരണകൂടവും ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളും മുസ്‌ലിം സമുദായത്തിനെതിരേ നടത്തിവരുന്ന ക്രൂരതകളെ ശക്തമായ ഭാഷയില്‍ അപലപിച്ച് കുവൈത്ത് ദേശീയ അസംബ്ലി. കൊലപാതകം, കുടിയൊഴിപ്പിക്കല്‍, വീട് കത്തിക്കല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമവും വിവേചനവും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യപ്പെടുത്തുന്നതായി നിയമനിര്‍മ്മാതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ തടയുന്നതിനും ഇന്ത്യന്‍ മുസ്‌ലിംകളുടെ സുരക്ഷ പുനസ്ഥാപിക്കുന്നതിനും ഉടനടി ഇടപെടണമെന്ന് അവര്‍ അന്താരാഷ്ട്ര, മാനുഷിക, മനുഷ്യാവകാശ, ഇസ്ലാമിക സംഘടനകളോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിര്‍മ്മിച്ചതാണെന്ന വ്യാജേന അസം ഭരണകൂടം 15,000ത്തില്‍ പരം മുസ്‌ലിംകളെ അവരുടെ വീടുകളില്‍നിന്നു അടുത്തിടെ കുടിയിറക്കിയിരുന്നു.ഇന്ത്യയിലെ ദുര്‍ബലരായ മുസ്ലീങ്ങള്‍ക്കെതിരെ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെയും നിയമ ലംഘനങ്ങളുടെയും ആക്രമണങ്ങളുടെയും ഒരു പരമ്പര തന്നെ ഉണ്ടായിട്ടും ചോദ്യം ചെയ്യല്‍ പോയിട്ട് അപലപിക്കുക പോലും ചെയ്യാത്ത സമീപനമാണ് ഇന്ത്യന്‍ ദേശീയ സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.

ആയതിനാല്‍ ഇസ്‌ലാമികവും മാനുഷികവുമായ അടിസ്ഥാനത്തില്‍, കുവൈറ്റ് ദേശീയ അസംബ്ലിയിലെ അംഗങ്ങളായ തങ്ങള്‍ ഇന്ത്യയിലെ നമ്മുടെ മുസ്ലീം സഹോദരങ്ങളോട് പൂര്‍ണ്ണ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ഈ കുറ്റകൃത്യങ്ങള്‍, ലംഘനങ്ങള്‍, ആക്രമണങ്ങള്‍, അവര്‍ക്കെതിരായ ഈ ഹീനകൃത്യങ്ങള്‍,അവരുടെ മനുഷ്യാവകാശ ലംഘനത്തെയും വംശീയ ഉന്മൂലനത്തിന്റെ തുടര്‍ച്ചയായ അതിരുകടക്കലുകളെയും ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്യുന്നതായി കുവൈത് ദേശീയ അസംബ്ലി വ്യക്തമാക്കി.

ഈ വംശീയ വിവേചന കാംപയിനുകള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കാനും വിവേചനമില്ലാതെ എല്ലാവരുടേയും മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാനും ആഹ്വാനം ചെയ്യുന്നതായും കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News