കുവൈത്ത്: സന്ദര്‍ശക വിസയിലെത്തിയര്‍ 31നകം രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയം

Update: 2020-08-17 05:59 GMT

കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തി നിലവില്‍ രാജ്യത്ത് കഴിയുന്നവര്‍ ഈ മാസം 31നു മുമ്പ് രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. എന്‍ട്രി വിസയില്‍ എത്തിയവരും രാജ്യത്തെ സ്ഥിരം താമസരേഖ അവസാനിക്കുന്നവരും ആഗസ്ത് 31നകം വിസ പുതുക്കുന്നതിനോ സ്റ്റാമ്പ് ചെയ്യുന്നതിനോ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് 'അല്‍ റായ്' ദിനപത്രം റിപോര്‍ട്ട് ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് മന്ത്രാലയം അനുവദിച്ച സമയപരിധിയുടെ അവസാന തിയ്യതി ആഗസ്ത് 31 ന് അവസാ നിക്കും. എല്ലാ വിഭാഗത്തില്‍പെട്ട വിസകളും ഈ കാലപരിധിക്കിടയില്‍ സ്വമേധയാ പുതുക്കി നല്‍കിയിരുന്നു.

    കൊവിഡിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ തീരുമാന പ്രകാരം നാലുലക്ഷത്തി അയ്യായിരത്തോളം പേര്‍ക്കാണ് ഈ സൗകര്യം അനുവദിച്ചത്. ഇവരില്‍ രണ്ടു ലക്ഷത്തി അറുപതിനായിരം പേര്‍ മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി താമസരേഖ പുതുക്കുകയോ കാലാവധി നീട്ടുകയോ ചെയ്തത്. അവശേഷിക്കുന്ന ഒരു ലക്ഷത്തി നാല്‍പത്തി അയ്യാരത്തോളം പേര്‍ ഇപ്പോഴും ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടില്ല. ഇവര്‍ ഈ മാസം 31നകം തന്നെ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രവേശിച്ച് താമസരേഖ നിയമ വിധേയമാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇവരെ നിയമലംഘകരായി കണക്കാക്കുകയും ഇവര്‍ക്കെതിരേ പിഴ ചുമത്തുകയും ചെയ്യും. ഇതിനുപുറമെ ഇവരെ നിയമപരമായ നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യും.

    കുടുംബ, വാണിജ്യ, സന്ദര്‍ശക, വിനോദ സഞ്ചാര വിസയില്‍ രാജ്യത്തെത്തിയവര്‍ ഈ മാസം 31നകം രാജ്യം വിടണം. ഈ വിഭാഗത്തില്‍പെട്ട ഒരു ലക്ഷത്തോളം പേരാണ് ഇക്കാലയളവില്‍ രാജ്യത്തെത്തിയത്. ഈ വിഭാഗത്തില്‍പെട്ടവരുടെ വിസാ കാലാവധി നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ പിന്നീട് രാജ്യത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ഇവരുടെ സ്‌പോണ്‍സര്‍ക്കെതിരേ പിഴ ചുമത്തുകയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

Kuwait: Home Ministry urges visitors to leave the country before 31


Tags:    

Similar News