പാര്‍ലമെന്റ് പിരിച്ചുവിട്ട് കുവൈത്ത് ഭരണാധികാരി; നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം

സര്‍ക്കാരും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മീഷാല്‍ അല്‍ അഹമ്മദ് അല്‍ സബ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

Update: 2022-06-22 18:35 GMT

കുവൈത്ത് സിറ്റി: പാര്‍ലമെന്റ് പിരിച്ച് വിട്ട് പൊതു തിരഞ്ഞെടുപ്പ് നേരത്തേ നടത്താന്‍ ആഹ്വാനം ചെയ്ത് കുവൈത്ത് കിരീടാവകാശി. സര്‍ക്കാരും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മീഷാല്‍ അല്‍ അഹമ്മദ് അല്‍ സബ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. കുവൈത്ത് അമീര്‍ തന്റെ അര്‍ധ സഹോദരനും കിരീടാവകാശിയുമായ ഷെയ്ഖ് മേഷാലുമൊത്ത് രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായും അമീര്‍ വ്യക്തമാക്കി. നിലവില്‍ കുവൈത്ത് ഭരണാധികാരിയുടെ എല്ലാ ചുമതലകളും വഹിക്കുന്നത് കിരീടാവകാശിയായ ഷെയ്ഖ് മേഷാലിനാണ്.

ഇതോടെ, ഉടന്‍ തന്നെ കുവൈത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. കുവൈത്ത് ഭരണാധികാരിക്ക് ഭരണഘടനാപരമായി സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും പിരിച്ചുവിടാന്‍ അധികാരമുണ്ട്.

സര്‍ക്കാരും തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സാമ്പത്തിക പരിഷ്‌കരണം അടക്കം താളം തെറ്റിയിരുന്നു.

രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഒത്തൊരുമയില്ലാതെയും വ്യക്തിതാല്‍പര്യങ്ങളിലും കുരുങ്ങി തകര്‍ന്നിരിക്കുകയാണെന്ന് മേഷാല്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നിരയിലെ പാര്‍ലമെന്റംഗങ്ങള്‍ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനായി വന്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. ഈ ആവശ്യമുയര്‍ത്തി ഇവര്‍ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയിരിക്കുന്നുണ്ട്. നിലവില്‍ കാവല്‍ പ്രധാനമന്ത്രിയാണ് ഉള്ളത്. അത് മാറണമെന്നാണ് ആവശ്യം. പാര്‍ലമെന്റ് നിസ്സഹകരണ പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് രാജിവെച്ചിരുന്നു.

കുവൈത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്കുണ്ട്. എന്നാല്‍, ഇതര ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സര്‍ക്കാരിനും പാര്‍ലമെന്റിനും കൂടുതല്‍ അധികാരമുണ്ട്.

Tags:    

Similar News