കുറുക്കന്‍മൂല സംഘര്‍ഷം: നാട്ടുകാര്‍ക്കെതിരേ കത്തിയെടുത്ത വനപാലകനെതിരേ കേസ്

Update: 2021-12-18 11:18 GMT

മാനന്തവാടി: കടുവാ ഭീതി നിലനില്‍കുന്ന പുതിയിടത്ത് വനപാലകരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ത്തെത്തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരേ കത്തിയെടുത്ത പ്രദേശവാസിയായ യുവാവിന്റെ പരാതി പ്രകാരം വനപാലകനെതിരേ കേസെടുത്തു. വയനാട് കടുവ ട്രക്കിങ് ടീം അംഗം ഹുസൈന്‍ കല്‍പൂരിനെതിരേയാണു കേസ്. പുതിയിടം പുളിക്കല്‍ പണിയ കോളനിയിലെ അഖില്‍ കൃഷ്ണയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വനപാലകനെതിരേ കേസെടുത്തത്. അതേസമയം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന വനപാലകരുടെ പരാതിയില്‍ മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മാനന്തവാടി പോലിസ് കേസെടുത്തു. തടഞ്ഞുവെച്ചെന്നും മര്‍ദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് കേസ്.

എസ്‌സിഎസ്ടി നിയമവും ചുമത്തി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥിന്റെ പരാതി പ്രകാരമാണ് ഡിവിഷന്‍ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതിനിടെ, കുറുക്കന്‍മൂലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജിതശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കടുവാ സന്നിധ്യം റിപോര്‍ട്ട് ചെയ്ത് ആദ്യ ദിവസം മുതല്‍ ശക്തമായ ഫീല്‍ഡ് പട്രോളിങ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ 100 മുതല്‍ 125ഓളം വനം വകുപ്പ് ജീവനക്കാര്‍ രാവും പകലും പ്രദേശത്ത് പട്രോളിങ് നടത്തിവരുന്നു.

127 വാച്ചര്‍മാര്‍, 66 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍, 29 ഫോറസ്റ്റര്‍മാര്‍, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍, 5 ഡി.എഫ്.ഒമാര്‍, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനായുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ, സീനിയര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയും മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തിവരുന്നുണ്ട്. പ്രദേശത്ത് ഇതിനകം 36 കാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് അഞ്ച് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സ്ഥലത്തെത്തി നടപടികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. സബ് കലക്ടര്‍, തഹസില്‍ദാര്‍, മാനന്തവാടി ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, പോലിസ് സംഘവും എല്ലാ സഹകരണവും നല്‍കുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലുടന്‍ നഷ്ടപരിഹാരം കണക്കാക്കി തുക നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ വനം വകുപ്പ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈക്കൊണ്ടുവരുന്ന നടപടികള്‍ കേരളാ ഹൈക്കോടതി കഴിഞ്ഞ 14, 16 തിയ്യതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തുകയും ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള ഭീതി സര്‍ക്കാര്‍ പൂര്‍ണമായും മനസ്സിലാക്കി മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

പ്രദേശത്ത് ഉണ്ടായതായി പറയപ്പെടുന്ന മറ്റ് പ്രശ്‌നങ്ങളെകുറിച്ച് ആവശ്യമായ അന്വേഷണങ്ങള്‍ നടത്തുന്നതാണ്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ ആശങ്ക ജീവനക്കാരും, രാവും പകലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ വിഷമതകള്‍ പൊതുജനങ്ങളും പരസ്പരം മനസ്സിലാക്കി സ്വയം നിയന്ത്രണം പാലിച്ച് പ്രധാന വിഷയത്തിന് പരിഹാരം കാണാനുള്ള വനം വകുപ്പിന്റെ നടപടികളോട് പൊതുജനങ്ങളും ജനപ്രതിനിധികളും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Tags:    

Similar News