ചികില്‍സ വൈകിപ്പിച്ചു; അച്ഛനെ കൊന്നത് യുഡിഎഫ് സര്‍ക്കാരെന്ന് കുഞ്ഞനന്തന്റെ മകള്‍

Update: 2024-02-22 11:43 GMT

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരന്‍. അച്ഛന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികില്‍സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും കൊന്നത് യുഡിഎഫ് സര്‍ക്കാരാണെന്നും ഷബ്‌ന പറഞ്ഞു. അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നും ഷബ്‌ന പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് വിവാദം ഉണ്ടാക്കുന്നത്. കടുത്ത അസുഖ ബാധിതനായിട്ടും മതിയായ ചികില്‍സ നല്‍കാതിരുന്ന യുഡിഎഫ് സര്‍ക്കാരാണ് മരണത്തിന് ഉത്തരവാദി. കൃത്യമായ ചികില്‍സ കിട്ടാതെ വയറിലെ അള്‍സര്‍ ഗുരുതരമായാണ് അച്ഛന്‍ മരിച്ചതെന്നും മകള്‍ പറഞ്ഞു. പി കെ കുഞ്ഞനന്തന് ജയിലില്‍ വച്ച് ഗുരുതരമായി രോഗം ബാധിച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ പരോള്‍ നല്‍കാനോ നല്ല ചികില്‍സ നല്‍കാനോ തയ്യാറായില്ലെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.

കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കുഞ്ഞനന്തന്‍ ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്നും കെ എം ഷാജി ആരോപിച്ചിരുന്നു. മുസ് ലിം ലീഗ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തിലാണ് കെ എം ഷാജി ഇത്തരത്തില്‍ പ്രസംഗിച്ചത്. ഫസല്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സിപിഎമ്മാണ് അവരെ കൊന്നതെന്നും ഷാജി പറഞ്ഞിരുന്നു. ടിപി വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്ന് പറഞ്ഞ കെ എം ഷാജി, കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വിധത്തിലാണ് പ്രസംഗിച്ചത്. ടിപി വധക്കേസില്‍ കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Tags:    

Similar News