കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 2,107 എംപാനല്‍ ഡ്രൈവര്‍മാര്‍ക്ക്

സുപ്രിംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,107 എംപാനല്‍ ഡ്രൈവര്‍മാരുടെ ജോലിയാണ് നഷ്ടമായത്. തെക്കന്‍ മേഖലയില്‍ 1,479 ഉം മധ്യമേഖലയില്‍ 257 ഉം വടക്കന്‍ മേഖലയില്‍ 371 ഉം താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് പിരിച്ചുവിട്ടത്. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Update: 2019-06-30 01:32 GMT

തിരുവനന്തപുരം: എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ഡ്രൈവര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിട്ടു. സുപ്രിംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,107 എംപാനല്‍ ഡ്രൈവര്‍മാരുടെ ജോലിയാണ് നഷ്ടമായത്. തെക്കന്‍ മേഖലയില്‍ 1,479 ഉം മധ്യമേഖലയില്‍ 257 ഉം വടക്കന്‍ മേഖലയില്‍ 371 ഉം താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് പിരിച്ചുവിട്ടത്. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഏപ്രില്‍ എട്ടിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിപ്രകാരം 180 ദിവസത്തില്‍ കൂടുതല്‍ താല്‍ക്കാലികമായി ജോലിയില്‍ തുടരുന്ന ഡ്രൈവര്‍മാരെ ഏപ്രില്‍ 30ന് മുമ്പ് പിരിച്ചുവിടേണ്ടതായിരുന്നു. എന്നാല്‍, ഈ വിധിക്കെതിരേ ജീവനക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും എംപാനല്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ഈ മാസം 30നു മുമ്പ് വിധി നടപ്പാക്കണമെന്നായിരുന്നു സുപ്രിംകോടതി വിധിയില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരമാണ് ഇപ്പോഴത്തെ കെഎസ്ആര്‍ടിസിയുടെ നടപടി.

എംപാനല്‍ കണ്ടക്ടര്‍മാര്‍ കൂട്ടത്തോടെ പുറത്തുപോവുന്നത് കെഎസ്ആര്‍ടിസി സര്‍വീസുകളെ പ്രതിസന്ധിയിലാക്കുമെന്നതില്‍ തര്‍ക്കമില്ല. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. പകരം നിയമിക്കാന്‍ ഡ്രൈവര്‍മാരുടെ പിഎസ്‌സി പട്ടിക നിലവിലില്ല. അതിനാല്‍, ബസ് ഓടിക്കാന്‍ ആളില്ലാത്ത സാഹചര്യമുണ്ടാവും. സര്‍വീസിനു മുടക്കംവരാതെ പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേയ്ക്കു താല്‍ക്കാലികാടിസ്ഥാനത്തില്‍ തിരിച്ചെടുക്കാനുള്ള കെഎസ്ആര്‍ടിസിയുടെ ശ്രമങ്ങള്‍ക്ക് നിയമതടസ്സം വിലങ്ങുതടിയാവുകയാണ്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിയില്‍നിന്ന് 5,522 ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. 562 സ്ഥിരം ഡ്രൈവര്‍മാരും 762 സ്ഥിരം കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. സ്ഥിരപ്പെടുത്തി നിയമനം ലഭിച്ച 55 ഡ്രൈവര്‍മാരുടെയും 72 കണ്ടക്ടര്‍മാരുടെയും നിയമനം സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കി. ഇതിനു പുറമേയാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം 4,071 താല്‍ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടത്. ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചശേഷം ജോലിക്ക് തിരിച്ചെത്താത്ത ജീവനക്കാരെയും മൂന്നുവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിട്ടുണ്ട്. 

Tags:    

Similar News