പ്രതിപക്ഷ- മുസ്‌ലിം സ്ഥാപനങ്ങളെ ഒഴിവാക്കി മാധ്യമ മേധാവികളുമായി കോഴിക്കോട്ട് കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ച

Update: 2022-07-05 09:14 GMT

കോഴിക്കോട്: മലയാളത്തിലെ ഒരുവിഭാഗം മാധ്യമ മേധാവികളുമായും ഉടമകളുമായും കൂടിക്കാഴ്ച നടത്തി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് സിങ് ടാക്കൂര്‍. ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട് സരോവരത്തെ ഹോട്ടല്‍ കെപിഎം ട്രിപ്പെന്റയിലായിരുന്നു യോഗം. എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളുടെ മുഖപത്രങ്ങളെയും മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന മാധ്യമങ്ങളെയും ഒഴിവാക്കിയായിരുന്നു കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ച. ബിജെപിയെയും കേന്ദ്രസര്‍ക്കാരിന്റെ നയസമീപനത്തെയും ശക്തമായി എതിര്‍ക്കുന്ന മാധ്യമസ്ഥാപനങ്ങളെയാണ് യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത്.

അടുത്തിടെയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. ജന്‍മഭൂമി പത്രത്തിന്റെ കോഴിക്കോട് യൂനിറ്റ് ഓഫിസ് ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാനായാണ് മന്ത്രി അനുരാഗ് താക്കൂര്‍ കോഴിക്കോട്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, ജനം ടിവി, അമൃത ടിവി എന്നീ ചാനലുകളുടെയും മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക, മംഗളം, ജന്മഭൂമി, മെട്രോവാര്‍ത്ത തുടങ്ങിയ പത്രങ്ങളുടെയും മേധാവികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.

അതേസമയം, ദേശാഭിമാനി, ചന്ദ്രിക, വീക്ഷണം, ജനയുഗം എന്നീ രാഷ്ട്രീയ പാര്‍ട്ടി മുഖപത്രങ്ങളെയും മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സുപ്രഭാതം, മാധ്യമം, സിറാജ് എന്നീ പത്രങ്ങളെയും ഒഴിവാക്കി. കൈരളി, മീഡിയാ വണ്‍, ജയ്ഹിന്ദ് ചാനലുകളുടെ മേധാവികളെയും പങ്കെടുപ്പിച്ചില്ല. യോഗം റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. മലയാളത്തിലെ ഒരുവിഭാഗം മാധ്യമങ്ങളുമായി മാത്രം നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയോട് കേരളത്തിലെ മാധ്യമ മേധാവികളുടെ ലിസ്റ്റ് രണ്ടാഴ്ച മുമ്പ് വാര്‍ത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 60 മാധ്യമ മേധാവികളുടെ പട്ടിക അയച്ചെങ്കിലും ഇത് വെട്ടിച്ചുരുക്കി 20 പേരെ മാത്രം മന്ത്രാലയത്തില്‍ നിന്ന് നേരിട്ട് വിളിക്കുകയായിരുന്നു.

60 പേരുടെ പട്ടിക ചുരുക്കിയതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നുമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അധികൃതരുടെ വിശദീകരണം. പത്രക്കടലാസ് വിലക്കയറ്റമടക്കം പത്രമാധ്യമ വ്യവസായ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ മാധ്യമ മേധാവികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അച്ചടി കടലാസിന്റെ വിലവര്‍ധന കുറയ്ക്കാനുള്ള നടപടി വേണമെന്നും ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വ്യാജ വാര്‍ത്തകള്‍ പെരുകുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമ വാര്‍ത്തകളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുക, സാറ്റലൈറ്റ് ഉപകരണങ്ങളുടെ വിലവര്‍ധന തടയുക, കൊവിഡിന് ശേഷം ജോലി നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളും മാധ്യമ മേധാവികള്‍ ഉന്നയിച്ചു.

കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട മന്ത്രി, നിരവധി മികച്ച നിര്‍ദേശങ്ങള്‍ ലഭിച്ചതായും അറിയിച്ചു. മാതൃഭൂമി എംഡി എം വി ശ്രേയാംസ്‌കുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, ദീപിക എംഡി ഫാ. മാത്യൂ ചന്ദ്രന്‍കുന്നേല്‍, മംഗളം എംഡി സാജന്‍ വര്‍ഗീസ്, ജന്‍മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി, ഏഷ്യാനെറ്റ് ന്യൂസ് റീജ്യനല്‍ കോ-ഓഡിനേറ്റിങ് എഡിറ്റര്‍ പി ഷാജഹാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News