സുരക്ഷിത നഗരം: രാജ്യത്ത് ആദ്യപത്തില്‍ കോഴിക്കോട്

Update: 2023-12-15 07:07 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനം നേടി കോഴിക്കോട്. നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യുറോയുടെ ഏറ്റവും പുതിയ കണക്കിലാണ് കോഴിക്കോടിന് അഭിമാനസ്ഥാനമുള്ളത്. 19 നഗരങ്ങളുള്ള പട്ടികയില്‍ കോഴിക്കോട് പത്താം സ്ഥാനം നേടി. യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന ബഹുമതി കോഴിക്കോട് സ്വന്തമാക്കിയതിനു പിന്നാലെയാണ് പുതിയ പദവിയും. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോല്‍സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് യുനെസ്‌കോ തിരഞ്ഞെടുത്തത്. കുറ്റകൃത്യങ്ങളുടെ നിരക്കില്‍ താരതമ്യേന കുറവുളള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍പെടുത്തുന്നത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തില്‍ എത്ര കുറ്റകൃത്യമുണ്ട് എന്നു നോക്കിയാണ് എന്‍സിആര്‍ബി പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങള്‍ പ്രകാരമുളള കേസുകളും അടിസ്ഥാനമാക്കിയാണ് കണക്കെടുക്കുക. ഇതുപ്രകാരം കോഴിക്കോട് ഒരു ലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങള്‍ നടക്കുന്നതായാണ് കണക്ക്. 20 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പരിശോധിക്കുന്നത്. 19 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍.

Tags:    

Similar News