ഈ മാസം 15 വരെ നവലാഖെയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി;മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ്

നവലാഖെയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതി നല്‍കിയ പരിരക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഇടപെടല്‍.

Update: 2019-10-04 12:47 GMT

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കലാപക്കേസില്‍ സാമൂഹ്യപ്രവര്‍ത്തകനായ ഗൗതം നവലാഖെയ്ക്ക് താല്‍ക്കാലിക ആശ്വാസമായി സുപ്രിംകോടതി വിധി. നവലാഖെയെ ഈ മാസം 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടിതി വിധി. നവലാഖെയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതി നല്‍കിയ പരിരക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഇടപെടല്‍.

കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന നവലാഖെയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഇതുവരെ കുറ്റപത്രം നല്‍കാത്തതെന്തെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

സാമൂഹ്യപ്രവര്‍ത്തകനായ ഗൗതം നവലാഖെയ്ക്ക് നിരോധിത മാവോവാദി പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവ് ഉണ്ടെന്നുമാണ് പൂനെ പോലിസ് എഫ്‌ഐആറില്‍ ആരോപിച്ചിട്ടുള്ളത്. ഈ കുറ്റം ചുമത്തി പൂനെ പോലിസ് നവലാഖെയെ അറസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവലാഖെ നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പോലിസിന്റെ എഫ്‌ഐആര്‍ പ്രഥമദൃഷ്ട്യാ ശരിവെക്കുകയും നവലാഖെയുടെ ഹര്‍ജി തള്ളുകയുമായിരുന്നു.

അതേസമയം, ബോംബെ ഹൈക്കോടതി നവലാഖെയ്ക്ക് ഒക്ടോബര്‍ നാലു വരെ അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കുകയും ചെയ്തിരുന്നു. നവലാഖെ മാവോവാദി ഗ്രൂപ്പില്‍ അംഗമാണെന്ന പോലിസ് വാദം തെറ്റാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി ചൂണ്ടിക്കാട്ടി. സര്‍ക്കാരാണ് സംഘടനയില്‍ അംഗമാണെന്ന് ആരോപിക്കുന്നത്. ഗൗതം നവലാഖെ പ്രശസ്തനായ പത്രപ്രവര്‍ത്തകനാണ്. നൊബേല്‍ ജേതാവ് അമര്‍ത്യാസെന്നിനൊപ്പം നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുള്ള ആളാണെന്നും മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി.

പത്രപ്രവര്‍ത്തകന് എന്തും പറയാമോ എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര തിരിച്ചുചോദിച്ചു. ജേര്‍ണലിസ്റ്റിന് സ്വന്തം നിലപാടുകളുണ്ടാകും. നവലാഖെയുടെ നിലപാടുകള്‍ തീവ്രമാണെന്ന് ചിലര്‍ വിലയിരുത്തുന്നു. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയാണ് നവലാഖെ ശ്രദ്ധയൂന്നുന്നതെന്നും മനു അഭിഷേക് സിങ്‌വി പറഞ്ഞു. നവലാഖെയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടക്കം അഞ്ചു ജഡ്ജിമാര്‍ പിന്മാറിയത് വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ടാണ് ഇന്നലെ പിന്മാറിയത്. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് ദീപക് ഗുപ്തയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

Tags:    

Similar News