യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന പരാമര്‍ശം; വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്രത്തിലെ കോമരം അറസ്റ്റില്‍

ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ക്ഷേത്രച്ചടങ്ങിനിടെ കോമരം (വെളിച്ചപ്പാട്) യുവതിക്കെതിരെ സ്വഭാവദൂഷ്യമുണ്ടെന്ന പരാമര്‍ശം നടത്തിയെന്നും ദേവിക്കു മുന്‍പില്‍ യുവതി മാപ്പു പറയണമെന്നു കോമരം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.

Update: 2020-03-03 15:12 GMT

തൃശൂര്‍: യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്ര ചടങ്ങിനിടെ കോമരം കല്‍പന പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്രത്തിലെ കോമരം അറസ്റ്റില്‍. അന്തിക്കാട് പാലാഴി കാരണത്ത് വീട്ടില്‍ ശ്രീകാന്തിനെയാണു പോലിസ് അറസ്റ്റ് ചെയ്തത്. മണലൂരില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി ജീവനൊടുക്കിയത്.

ആത്മഹത്യ ചെയ്ത സ്ത്രീയുടെ സഹോദരനാണു പോലിസില്‍ പരാതി നല്‍കിയത്. ക്ഷേത്രത്തിലെ കോമരം കല്‍പന പുറപ്പെടുവിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്താലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ക്ഷേത്രച്ചടങ്ങിനിടെ കോമരം (വെളിച്ചപ്പാട്) യുവതിക്കെതിരെ സ്വഭാവദൂഷ്യമുണ്ടെന്ന പരാമര്‍ശം നടത്തിയെന്നും ദേവിക്കു മുന്‍പില്‍ യുവതി മാപ്പു പറയണമെന്നു കോമരം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. കോമരത്തിന്റെ പരാമര്‍ശത്തിലുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നും പരാതിയില്‍ പറഞ്ഞു.




Tags: