സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി സ്ഥാനമൊഴിഞ്ഞു

തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

Update: 2020-11-13 08:27 GMT

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല.

'സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.' - എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നിര്‍ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് കേസും ജയിലില്‍ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിക്കുന്നത്.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. പാര്‍ട്ടി യോഗത്തില്‍ കോടിയേരി അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതു സംബന്ധിച്ച് ചര്‍ച്ചയുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ചികിത്സാര്‍ത്ഥം നേരത്തെ അമേരിക്കയിലേക്ക് പോയ സമയത്ത് അടക്കം പാര്‍ട്ടിയുടെ ചുമതല കോടിയേരി ബാലകൃഷ്ണന്‍ ആര്‍ക്കും കൈമാറിയിരുന്നില്ല.

Tags:    

Similar News