ഇരട്ടക്കൊലപാതകം: ചോരപ്പൂക്കളമൊരുക്കിയെന്ന് കോടിയേരി; കോണ്‍ഗ്രസ്സിന് ബന്ധമില്ലെന്ന് ചെന്നിത്തല

ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Update: 2020-08-31 05:57 GMT

തിരുവനന്തപുരം: തിരുവോണ നാളില്‍ കോണ്‍ഗ്രസ് പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ആശംസ നേരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

'തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാള്‍ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോണ്‍ഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസ നേരുന്നത്' കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതി. കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ സിപിഎമ്മിന്റെ ആരോപണത്തെ നിഷേധിച്ച് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 

Tags: