ദക്ഷിണ കൊറിയയ്‌ക്കെതിരേ സൈനിക നടപടി: സൈന്യം തയ്യാറെടുത്തതായി ഉന്നിന്റെ സഹോദരി

ശത്രുവിനെതിരായ നടപടിക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും അവര്‍ ശനിയാഴ്ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Update: 2020-06-15 09:18 GMT
പ്യോങ്‌യാങ്:ദക്ഷിണ കൊറിയയുമായി ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി. ശത്രുവിനെതിരായ അടുത്ത നടപടി സൈന്യത്തില്‍ നിന്ന് വരുമെന്നും കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് കൂട്ടിച്ചേര്‍ത്തു. ശത്രുവിനെതിരായ നടപടിക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും അവര്‍ ശനിയാഴ്ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ചവറുകള്‍ ചവറ്റുകുട്ടയില്‍തന്നെ എറിയപ്പെടണം. പരമാധികാരിയായ കിം ജോങ് ഉന്‍ ചുമതലപ്പെടുത്തിയ പ്രകാരം സായുധ വിഭാഗം മേധാവിയോട് ശത്രുരാജ്യത്തിനെതിരായി സൈനിക നീക്കത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും അവര്‍ പറഞ്ഞു.

ദക്ഷിണ കൊറിയയ്‌ക്കെതിരെ വേണ്ടിവന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അവര്‍ ഭീഷണി മുഴക്കിയിരുന്നു. അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കിം യോ ജോങ്ങിന്റെ പ്രതികരണം.

കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവര്‍. കിം ജോങ് ഉന്നിനു ശേഷം അധികാരം ഇവരില്‍ കേന്ദ്രീകരിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.

കിം ജോങ് ഉന്‍ രോഗബാധിതനാണെന്നും മരിച്ചെന്നും അടക്കമുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഉത്തര കൊറിയ ഇക്കാര്യം നിഷേധിച്ചിരുന്നു.

Tags:    

Similar News