കെവിന്‍ വധം: പിരിച്ചുവിടാന്‍ നോട്ടീസ് ലഭിച്ച എസ്‌ഐ ഷിബുവിനു ക്ലീന്‍ ചിറ്റ്

Update: 2019-05-28 18:17 GMT

കോട്ടയം: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ചേര്‍ന്ന് പിന്നാക്ക ജാതിക്കാരനായ കെവിന്‍ എന്ന യുവാവിനെ ക്രൂരമായി കൊന്ന കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനു ക്ലീന്‍ ചിറ്റ്. കെവിന്‍ വധക്കേസില്‍ കൃത്യവിലോപം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ നോട്ടീസ് ലഭിച്ചിരുന്നു വ്യക്തിയാണ് ഷിബു. ഇദ്ദേഹത്തിന്റെ വിശദീകരണം പരിശോധിച്ചാണു ഇപ്പോള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെതിരേ കെവിന്റെ കുടുംബം രംഗത്തെത്തി. വിഷയത്തില്‍ മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കുമെന്നു കെവിന്റെ പിതാവു ജോസഫ് പറഞ്ഞു.

ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്.

ഒരു വര്‍ഷം മുമ്പാണു കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കൊല്ലം തെന്മല സ്വദേശി നീനുവെന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ ഷാനു ചാക്കോ തുടങ്ങിയവര്‍ ചേര്‍ന്നു പിന്നാക്ക ജാതിക്കാരനായ കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കെവിനെ മാന്നാത്ത് നിന്നും സംഘം തട്ടിക്കൊണ്ട് പോവുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ട് പോവല്‍.

അന്ന് ഉച്ചയോടെ കെവിനെ കാണാനില്ലെന്നു കാണിച്ച് അച്ഛന്‍ ജോസഫ് കോട്ടയം ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കി. 28നു പുലര്‍ച്ചെ പുനലൂര്‍ ചാലിയേക്കര തോട്ടില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. നീനുവിന്റെ അച്ഛന്‍ ചാക്കോ, ഷാനു എന്നിവരുള്‍പ്പെടെ 14 പ്രതികളാണ് കേസില്‍ അറസ്റ്റിലായത്. കോട്ടയം സെഷന്‍സ് കോടതിയില്‍ കേസിന്റെ അതിവേഗവിചാരണ നടക്കുകയാണ്. അടുത്തമാസം ആറിന് വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം.

Tags:    

Similar News