ഗവര്‍ണര്‍ക്കെതിരേ വീണ്ടും കേരള സര്‍വകലാശാല; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധം, സെനറ്റ് പ്രമേയം പാസാക്കി

Update: 2022-11-04 09:49 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രമേയം കേരള സര്‍വകലാശാല സെനറ്റ് വീണ്ടും പാസാക്കി. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് ആഗസ്ത് മാസത്തില്‍ പാസാക്കിയ പഴയ പ്രമേയത്തില്‍ ഭേദഗതി വരുത്തി. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ 50 അംഗങ്ങള്‍ പിന്തുണച്ചു. ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിക്ക് നിയമപരമായി നിലനില്‍പ്പില്ലെന്നും ഇതിനായുള്ള വിജ്ഞാപനം പിന്‍വലിക്കണമെന്നുമാണ് സെനറ്റ് ഗവര്‍ണറോട് അഭ്യര്‍ഥിച്ചത്.

പകരം നിയമപരമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം. കേരള സര്‍വകലാശാല സെനറ്റിലെ 50 ഇടതുപക്ഷ അംഗങ്ങളും ഇത് അംഗീകരിച്ചു. ഏഴുപേര്‍ എതിര്‍ത്തു. പ്രമേയം ചാന്‍സലര്‍ക്ക് എതിരല്ലെന്നും വിജ്ഞാപനത്തിനെതിരാണെന്നുമാണ് സെനറ്റ് അംഗങ്ങളുടെ വാദം. ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയെ പിന്‍വലിച്ചാല്‍ മാത്രമേ പ്രതിനിധിയെ സെനറ്റ് നിര്‍ദേശിക്കൂ. അതുവരെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ കോടതി പറയും പോലെ കേള്‍ക്കുമെന്നാണ് സെനറ്റ് അംഗങ്ങള്‍ അറിയിച്ചത്.

വിജ്ഞാപനം അപൂര്‍ണമാണ്, ഇത് ചട്ടവിരുദ്ധമാണ്, കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. ഇത് നിയമപ്രശ്‌നമാണെന്നും രാഷ്ട്രീയ വിഷയമില്ലെന്നും ഇടത് അനുകൂല സെനറ്റ് അംഗങ്ങളുടെ നിലപാട്. അതേസമയം, സര്‍വകലാശാല പ്രതിനിധിയെ ഉടന്‍ നിയമിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാവിലെ സെനറ്റ് യോഗത്തിന് മുന്നോടിയായി ഭരണപക്ഷ നിലപാടുള്ള അംഗങ്ങള്‍ എകെജി സെന്ററിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പുതിയ വിസിയെ കണ്ടെത്തുന്നതിനായി ഗവര്‍ണര്‍ രണ്ടംഗ പാനല്‍ രൂപീകരിക്കുകയും സര്‍വകലാശാല പ്രതിനിധിയെ അറിയിക്കാന്‍ സെനറ്റിനോട് ആവശ്യപ്പെടുകയുമായിരുന്നു.

Tags:    

Similar News