പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് ഹൈക്കോടതിയില്‍ താല്‍ക്കാലിക ആശ്വാസം; അറസ്റ്റ് തല്‍ക്കാലികമായി തടഞ്ഞു

Update: 2023-06-16 05:51 GMT

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്ത തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിക്ക് ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു. ഹരജി പരിഗണിക്കുന്നത് 21ലേക്ക് മാറ്റുകയും അതുവരെ അറസ്റ്റ് പാടില്ലെന്നും ജസ്റ്റിസ് എഎ സിയാദ് റഹ്മാന്‍ നിര്‍ദേശം നല്‍കി. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ കെ സുധാകരനെ രണ്ടാം പ്രതിയാക്കി കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. മോന്‍സന്‍ മാവുങ്കലിന്റെ സാന്നിധ്യത്തില്‍ സുധാകരന്‍ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. പരാതിക്കാരന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും മോന്‍സന്റെ ഡ്രൈവര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തത് സുധാകരന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് സുധാകരന്‍ പറയുന്നത്. ഹരജി പരിഗണിക്കുന്നതിനിടെ, കെ സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് കോടതി ആരാഞ്ഞു. സാഹചര്യത്തിനനസരിച്ച് മാത്രമേ അക്കാര്യം പറയാന്‍ കഴിയൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.

    മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബര്‍ 22 ന് മോന്‍സന്റെ കലൂരിലുള്ള വീട്ടില്‍ വച്ച് കെ സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. ഇതിനിടെ കെ സുധാകരനും മോന്‍സന്‍ മാവുങ്കലുമായുളള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ ചികിത്സാര്‍ത്ഥമാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നായിരുന്നു സുധാകരന്റെ വിശദീകരണം. കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം തനിക്ക് നോട്ടീസ് നല്‍കിയത് വിവാദത്തിലേക്ക് വലിച്ചിഴക്കാനും തന്റെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള തന്ത്രമാണെന്നുമാണ് സുധാകരന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ആരോപണത്തില്‍ കഴമ്പില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനാവശ്യമാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും നീതിയില്‍ നിന്ന് ഒളിച്ചോടില്ലെന്നും സുധാകരന്‍ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News