ലക്ഷ്യ ദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം ഇന്ന് നിയമസഭ പാസാക്കും

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയവും കേരള നിയമസഭ പാസാക്കും. ഇതിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും.

Update: 2021-05-31 00:43 GMT

തിരുവനന്തപുരം: ലക്ഷദ്വീപില്‍ ജനവിരുദ്ധ നടപടികളുമായി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ട് പോവുന്നതിനിടെ ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ഇന്ന് നിയമസഭ പാസാക്കും. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയവും കേരള നിയമസഭ പാസാക്കും. ഇതിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം നേരത്തെ തന്നെ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതിനാല്‍ ഏകകണ്‌ഠേനയാകും നിയമസഭ പ്രമേയം പാസാക്കുക. ലക്ഷദ്വീപ് പ്രശ്‌നം അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണം എന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ അതിരൂക്ഷ വിമര്‍ശനമാണുള്ളത്. ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്‌ട്രേറ്റര്‍ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗ്ഗവും സംരക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയം ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്കും ഇന്ന് തുടക്കമാകും. കെ കെ ശൈലജയാകും ചര്‍ച്ചക്ക് തുടക്കമിടുക. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ച തുടങ്ങിവെക്കുന്നത്. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നയപ്രഖ്യാപനത്തോടുള്ള എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. പ്രസംഗത്തിലും അത് തുടരും. ഈയാഴ്ച ചോദ്യോത്തരവേളയുണ്ടായിരിക്കില്ല. പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കില്‍ അതാകും ആദ്യനടപടി. അതിന് ശേഷമാകും ലക്ഷദ്വീപ് പ്രമേയം. അടിയന്തിരപ്രമേയം ഇല്ലെങ്കില്‍ പ്രമേയത്തോടെ സഭാനടപടി തുടങ്ങും.

Tags:    

Similar News