സമരനായകന്റെ കുടുംബവും ഭൂമി വിട്ടുനല്‍കി; കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് വരും

ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക തഹസില്‍ദാര്‍ മുമ്പാകെ ഭൂമിയുടെ രേഖകള്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു

Update: 2019-02-04 14:44 GMT
കണ്ണൂര്‍: സമീപകാല കേരളം കണ്ട ഭൂസമരങ്ങളില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കീഴാറ്റൂര്‍ വയല്‍ക്കിളി സമരം അന്ത്യത്തോടടുക്കുന്നു. സിപിഎം നേതൃത്വത്തെയും സര്‍ക്കാരിനെയും വെല്ലിവിളിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വയല്‍ക്കിളികളില്‍ അവശേഷിക്കുന്ന സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ മാതാവും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ ഭൂമി വിട്ടുനല്‍കി. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള ത്രി ജി നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയതോടെ വിട്ടുകൊടുക്കലല്ലാതെ മാര്‍ഗമില്ലെന്ന് ഉറപ്പായതോടെയാണ് വയല്‍ക്കിളികള്‍ പൂര്‍ണമായും കീഴടങ്ങിയത്. ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക തഹസില്‍ദാര്‍ മുമ്പാകെ ഭൂമിയുടെ രേഖകള്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു. സിപിഎം പാര്‍ട്ടി സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടുകയെന്ന ലക്ഷ്യത്തോടെ ബിജെപി സമരം ആളിക്കത്തിക്കുകയും കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീതി പരത്തുകയും ചെയ്‌തെങ്കിലും ഒടുവില്‍ വഞ്ചിച്ചെന്ന് ഉറപ്പായതോടെയാണ് കീഴടങ്ങല്‍. ജനുവരി 11നാണു രേഖകള്‍ സമര്‍പ്പിക്കാനുള്ള ആദ്യ തിയ്യതി. അന്നേദിവസം രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാവാത്ത വയല്‍ക്കിളി പ്രവര്‍ത്തകര്‍ ജനുവരി മാസം ഒടുവിലായപ്പോഴേക്കും രേഖകളെല്ലാം കൈമാറുകയായിരുന്നു.

    ദേശീയപാത ബൈപാസിനു വേണ്ടി ഏക്കര്‍ കണക്കിനു വയലുകള്‍ നികത്തുന്നതിനെതിരേയാണ് സിപിഎമ്മിനു ശക്തിയുള്ള കീഴാറ്റൂരിലും പരിസരങ്ങളിലും സമരം തുടങ്ങിയത്. സുരേഷ് കീഴാറ്റൂരിന്റെയും നമ്പ്രാടത്ത് ജാനകിയമ്മയുടെയും നേതൃത്വത്തില്‍ സിപിഎം അംഗങ്ങളും അനുഭാവികളുമാണ് സമരത്തിനു നേതൃത്വം നല്‍കിയത്. എന്നാല്‍, സിപിഎം അധികാരത്തിലെത്തിയതോടെ സമരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇതോടെ, രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചു. വികസനവും പരിസ്ഥിതിയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ദേശീയശ്രദ്ധയാകര്‍ഷിച്ച സമരങ്ങള്‍ക്കും കീഴാറ്റൂര്‍ വയല്‍ സാക്ഷിയായി. പരിസ്ഥിതി സംഘടനകളുടെ സമരത്തെ രാഷ്ട്രീയലക്ഷ്യത്തോടെ ബിജെപി ഉപയോഗിച്ചതും കേന്ദ്രമന്ത്രി തന്നെ നേരിട്ടെത്തിയതും സമരത്തിനു സമ്മിശ്ര പ്രതികരണമുണ്ടാക്കി. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ചര്‍ച്ചയ്ക്കു തയ്യാറായെങ്കിലും കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ദേശീയപാത സ്ഥലമെടുപ്പ് വേഗത്തിലാക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ചതും സമരങ്ങള്‍ക്ക് തിരിച്ചടിയായി. സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ദേഹത്ത് മണ്ണെണ്ണ ഉപയോഗിച്ചു നടത്തിയ സമരം കേരളം ആശങ്കയോടെയാണു നോക്കിക്കണ്ടത്. വയല്‍ക്കിളികള്‍ സ്ഥാപിച്ച സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ തീയിട്ടു നശിപ്പിക്കുകയും സമരക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തത് വിവാദം ആളിക്കത്തിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിലപാട് കാരണം സമരക്കാര്‍ മെല്ലെമെല്ലെ പിന്‍വാങ്ങിയിരുന്നു. ഒടുവില്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ കുടുംബം തന്നെ ഭൂമി വിട്ടുനല്‍കുകയായിരുന്നു. വന്‍ വിലയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഏതായാലും മാസങ്ങള്‍ നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ക്ക് അന്ത്യം കുറിക്കുന്ന വിധത്തിലാണ് പുതിയ ഇടപെടലുകളുണ്ടായത്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ


ഡിസംബര്‍ 30ന് കീഴാറ്റൂര്‍ സമര ഐക്യദാര്‍ഡ്യ സമിതി 'പരിസ്ഥിതി കേരളം കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കുന്നു' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല.




Tags:    

Similar News