കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; ഇന്ന് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഞായറാഴ്ച രാത്രി 7.30 യ്ക്കും 8.30നും ഇടയ്ക്കാണ് സംഭവം നടന്നതെന്നാണ് വിവരം. ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

Update: 2019-02-17 15:58 GMT

കാസര്‍കോഡ്: കാറിലെത്തിയ സംഘം കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ് (24), ശരത്ത് ലാല്‍ (ജോഷി- 21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30 യ്ക്കും 8.30നും ഇടയ്ക്കാണ് സംഭവം നടന്നതെന്നാണ് വിവരം. ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാലിനെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൃപേഷിന്റെ മൃതദേഹം ഇപ്പോള്‍ കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് കുറച്ചുദിവസമായി സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധന ദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

















Tags:    

Similar News