വിലാപ യാത്രയ്ക്കു പിന്നാലെ കല്ലിയോട്ട് പരക്കെ അക്രമം; നിരവധി കടകള്‍ തകര്‍ത്തു

വിലാപയാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു.

Update: 2019-02-18 14:39 GMT

കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ കാസര്‍കോഡ് കല്യോട്ട് പരക്കെ അക്രമം. വിലാപയാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ വെട്ടേറ്റു മരിച്ചത്. ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചു. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത് ലാലിനും കൃപേഷിനും അന്ത്യവിശ്രമം ഒരുങ്ങുന്നത്.

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനും ടി സിദ്ധീഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും വിലാപ യാത്രയില്‍ പങ്കെടുത്തു. പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ 10 കേന്ദ്രങ്ങളിലായി നൂറുകണക്കിന് പേര്‍ അന്തിമോചാരം അര്‍പ്പിച്ചു. പലയിടത്തും പ്രവര്‍ത്തകരുടെ വികാരം അണപൊട്ടി.

ശരത്‌ലാലിന്റെയും കൃപേഷിന്റെയും പ്രവര്‍ത്തനകേന്ദ്രമായ കാഞ്ഞങ്ങാടും പെരിയയിലും മൃതദേഹമെത്തിയപ്പോള്‍ കാത്ത് നിന്ന പ്രവര്‍ത്തകര്‍ വിങ്ങിപ്പൊട്ടി. ജനക്കൂട്ടത്തിന്റെ തിരക്ക് കാരണം മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കാനായിരുന്നില്ല. കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അന്തിമോപചാരം അര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍ഗോഡ് ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. പലയിടത്തും സ്വകാര്യ വഹനങ്ങള്‍ തടഞ്ഞു.  

Tags:    

Similar News