കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍ അറസ്റ്റില്‍

Update: 2023-09-26 11:43 GMT

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ ഇഡി സംഘം അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ അരവിന്ദാക്ഷനെ കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. കൊച്ചി ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് നടപടി. കേസിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന സതീഷ് കുമാറുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡി സംഘം പറയുന്നത്. ഇതോടെ കേസില്‍ ഇഡി അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം മൂന്നായി. നേരത്തേ, ചോദ്യംചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച അരവിന്ദാക്ഷന്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് സംഘം കൊച്ചിയിലെ ഇഡി ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു.

    സിപിഎം അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാവുന്ന സിപിഎം നേതാവാണ് അരവിന്ദാക്ഷന്‍. സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാവാന്‍ എം കെ കണ്ണന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്‍ ബി ബിനു, കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി ജില്‍സ്, മുഖ്യപ്രതി സതീശ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് തൃശൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കൂടി ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം. കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട മുന്‍ മന്ത്രിയും എംഎല്‍എയുമായ എ സി മൊയ്തീനെയും ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുകയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

Tags:    

Similar News