കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും ഇഡി അറസ്റ്റ് ചെയ്തു

Update: 2023-09-26 15:08 GMT

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷനു പിന്നാലെ ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സികെ ജില്‍സിനെയും ഇഡി സംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ ഇഡി സംഘം അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെയാണ് ജില്‍സിനെയും അറസ്റ്റ് ചെയ്തത്. അരവിന്ദാക്ഷനും ജില്‍സിനുമെതിരേ ശക്തമായ തെളിവുകളുണ്ടെന്നാണ് ഇഡിയുടെ വാദം. കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാവാന്‍ എം കെ കണ്ണന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട മുന്‍ മന്ത്രിയും എംഎല്‍എയുമായ എ സി മൊയ്തീനെയും ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുകയാണെന്നാണ് സിപിഎം ആരോപണം.

Tags: