കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസ് മന്ത്രിമാരുടെ നിര്‍ണായകയോഗം ഇന്ന്; രാജി പിന്‍വലിക്കില്ലെന്ന് വിമത എംഎല്‍എമാര്‍
രാവിലെ 9 മണിക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിലാണ് യോഗം. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും. വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കുന്നതിന് നിലവിലെ മന്ത്രിമാരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടും.
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കവെ കോണ്‍ഗ്രസ് മന്ത്രിമാര്‍ നിര്‍ണായകയോഗം ഇന്ന് ചേരും. രാവിലെ 9 മണിക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിലാണ് യോഗം. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും. വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കുന്നതിന് നിലവിലെ മന്ത്രിമാരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് ഇന്ന് യോഗം ചേരുന്നത്.
സര്‍ക്കാര്‍ വീഴാതിരിക്കാന്‍ രാജിവച്ച മുഴുവന്‍ എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പുതിയ ഫോര്‍മുല മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇതിനോട് വിമതര്‍ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. അമേരിക്കയില്‍നിന്ന് സന്ദര്‍ശനം വെട്ടിച്ചുരുക്കി അടിയന്തരമായി തിരികെയെത്തിയ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എച്ച് ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നലെ അര്‍ധരാത്രി വരെ ചര്‍ച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങള്‍ പരഗണിക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന. നാളെ സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പ് പരിഹാരഫോര്‍മുല ഉണ്ടാക്കാനാണ് നീക്കം.
അതേസമയം, രാജി പിന്‍വലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാാണ് വിമത എംഎല്‍എമാരുടെ നിലപാട്. ഇക്കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് രാജിവച്ച 13 എംഎല്‍എമാരില്‍ ഒരാളായ എസ് ടി സോമശേഖര്‍ പറഞ്ഞു. തിരിച്ചു ബംഗളൂരുവിലേക്ക് പോവുന്നതിനെക്കുറിച്ചോ രാജി പിന്‍വലിക്കുന്നതിനെ കുറിച്ചോ ഒരു ചോദ്യം ഉദിക്കുന്നതേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എംഎല്‍എയാണ് സോമശേഖര്‍. രാജിവച്ച എംഎല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് പുറത്തെത്തിയാണ് എസ് ടി സോമശേഖര്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
