'കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികള്‍'; വിവാദ പരാമര്‍ശത്തില്‍ കങ്കണയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

കര്‍ണാടകയിലെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.

Update: 2020-10-10 12:06 GMT

ബെംഗളൂരു: കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റാവത്തിനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കര്‍ണാടകയിലെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.

അഭിഭാഷകനായ എല്‍ രമേഷ് നായിക് നല്‍കിയ പരാതിയില്‍ ക്യാതസാന്ദ്ര പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെകര്‍ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

'പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്. അവര്‍ തീവ്രവാദികളാണ്' എന്നായിരുന്നു സെപ്തംബര്‍ 21ന് കങ്കണ ട്വീറ്റ് ചെയ്തത്.

സമൂഹത്തില്‍ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കങ്കണയുടെ പോസ്‌റ്റെന്ന് ചൂണ്ടിക്കാട്ടിയാണ് രമേഷ് പരാതി നല്‍കിയത്. കങ്കണയുടെ പോസ്റ്റ് വിവിധ പ്രത്യയശാസ്ത്രങ്ങള്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ സംഘട്ടനത്തിന് കാരണമായേക്കാമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

Tags:    

Similar News