കർണാടക അതിർത്തി അടച്ചതിനെത്തുടർന്ന് കാസര്‍കോട് ചികിൽസ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

കർണാടക അതിർത്തി അടച്ചതിനെത്തുടർന്ന് കാസർകോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

Update: 2020-04-05 09:30 GMT

കാസര്‍കോട്: കർണാടക അതിർത്തി അടച്ചതിനെത്തുടർന്ന് കാസര്‍കോട്-കർണാടക അതിർത്തി പ്രദേശത്ത് ചികിൽസ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (61) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിൽസയിലുമായിരുന്നു ഇയാള്‍.

കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു അദ്ദേഹം ചികിൽസ തേടിയിരുന്ന ആശുപത്രി. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ചികിൽസ തുടരാന്‍ സാധിച്ചില്ല. രോഗം മൂർച്ഛിച്ചതോടെ ഉപ്പളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ കർണാടക അതിർത്തി അടച്ചതിനെത്തുടർന്ന് കാസർകോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ഇതിനിടെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആവര്‍ത്തിച്ചു. അതിര്‍ത്തി അടയ്ക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും യെദിയൂരപ്പ വ്യക്തമാക്കി.

Similar News