കര്‍ക്കടകമാസ പൂജ: ശബരിമല നട തുറന്നു; നാളെ മുതല്‍ പ്രതിദിനം 5000 പേര്‍ക്ക് വീതം ദര്‍ശനാനുമതി

Update: 2021-07-16 14:41 GMT

ശബരിമല: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നു വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. നാളെ രാവിലെ ഏഴുമുതല്‍ നെയ്യഭിഷേകം നടക്കും. 11ന് ഇരുപത്തിയഞ്ച് കലശാഭിഷേകവും വൈകീട്ട് ഏഴിന് പടിപൂജയും ഉണ്ടാവും.

    നാളെ പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകരെ കടത്തിവിടും. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ആദ്യമായാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 പേര്‍ക്ക് വീതമാണ് പ്രതിദിനം ദര്‍ശനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദര്‍ശനത്തിനെത്താം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം, കൊവിഡ് പരിശോധന നടത്താത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാലവധി കഴിഞ്ഞവര്‍ക്കുമായി ആര്‍ടിപിസിആര്‍ സൗകര്യം നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസിറ്റീവ് ആകുന്നവരെ പെരുനാട് സിഎഫ്എല്‍ടിസിയിലേക്ക് മാറ്റാനാണ് തീരുമാനം.

Karkatakamasa Puja: Sabarimala opened

Tags:    

Similar News