കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിനു വേലി കെട്ടാനുള്ള നീക്കം: ഹൈക്കോടതി പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് വിശദീകരണം തേടി

Update: 2021-07-05 07:25 GMT

കണ്ണൂര്‍: നഗരത്തിലെ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നിലെ മൈതാനത്ത് വേലികെട്ടാന്‍ സൈന്യം ശ്രമിച്ച സംഭവത്തില്‍ ഹൈക്കോടതി പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു വിശദീകരണം തേടി. ഇതുസംബന്ധിച്ച് സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയിലാണ് നടപടി. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി. കണ്ണൂര്‍ കണ്ടോണ്‍മെന്റ് ഏരിയയില്‍ സെന്റ് മൈക്കല്‍സ് സ്‌കൂളിന് മുന്നിലെ ഒന്നരയേക്കര്‍ മൈതാനത്തിനു ചുറ്റുമാണ് ഡിഎസ് സി അധികൃതര്‍ വേലി കെട്ടാന്‍ ശ്രമിച്ചത്. ഇതിനെതിരേ പ്രദേശാവാസികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും രംഗത്തെത്തിയിരുന്നു. പതിറ്റാണ്ടുകളായി കണ്ണൂരിലെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ റാലികള്‍ തുടങ്ങുന്ന സ്ഥലമാണ് സ്‌കൂളിന് മുന്നിലുള്ള ഗ്രൗണ്ട്. 2500ലേറെ വിദ്യാര്‍ഥികള്‍ കുട്ടികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളിന്റെ ബസുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇവിടെയാണ്. ഡിഎസ് സി അധികൃതര്‍ വേലി കെട്ടാനുള്ള പ്രവൃത്തി തുടങ്ങിയതോടെ

    സിപിഎം, കോണ്‍ഗ്രസ് നേതാക്കളും കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ വേലികെട്ടാനുള്ള നീക്കത്തില്‍ നിന്നു സൈന്യം പിന്‍മാറിയെങ്കിലും പ്രതിരോധ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് മതില്‍ കെട്ടുന്നതെന്നും ആക്ഷേപമുണ്ടെങ്കില്‍ കേന്ദ്രത്തെ സമീപിക്കണമെന്നും ഡിഎസ് സി അധികൃതര്‍ അറിയിച്ചിരുന്നു. മൈതാനം ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചിരുന്നു. നേരത്തേ, പയ്യാമ്പലം ബീച്ച് പരിസരം, സെന്റ് ആഞ്ചലോസ് കോട്ട തുടങ്ങിയ സ്ഥലങ്ങളിലും ഡിഎസ് സി അധികൃതര്‍ വഴിയടച്ച് മതില്‍ കെട്ടിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Kannur St. Michael's School ground issue: High Court sought an explanation from the Ministry of Defense

Tags:    

Similar News