ബീഫിന്റെ പേരിലുള്ള ഹിന്ദുത്വ ആക്രമണം; ഇരകളെ ജയിലിലടച്ച് മധ്യപ്രദേശ് പോലിസ്

Update: 2019-05-25 12:48 GMT

പ്രതിക്കു പ്രജ്ഞാസിങ് താക്കൂറുമായി ബന്ധം

ഭോപ്പാല്‍: മോദി അധികാരത്തിലേറുന്നതിനു തൊട്ടു മുന്നെ മധ്യപ്രദേശിലെ സിയോണിയില്‍ മുസ്‌ലിംകള്‍ക്കെതിരേ ബജ്‌റംഗ്ദള്‍, രാമസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ പോലിസ് ആദ്യം അറസ്റ്റ് ചെയ്തത് ആക്രമണത്തിനിരയായ ഇരകളെ. ബിജെപി ഭരണം മാറി കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും മുസ്‌ലിംകളോടു പോലിസ് കാണിക്കുന്ന സമീപനവും, പോലിസിനെ നിയന്ത്രിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിന് ഇനിയും ആയിട്ടില്ലെന്നതും തെളിയിക്കുന്നതാണ് സംഭവത്തില്‍ പോലിസ് കൈക്കൊണ്ട നടപടികള്‍.

ഇക്കഴിഞ്ഞ 22നാണ് പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ച് ഒരു സ്ത്രീയടക്കം മൂന്ന് പേരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. തൗഫീക്, അഞ്ജും ഷാമ, ദിലിപ് മാളവിയ്യ എന്നിവരാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്. എന്നാല്‍ സംഭവത്തിലിടപെട്ട പോലിസ് ആദ്യം ഗോവധ നിരോധന നിയമപ്രകാരം മര്‍ദനത്തിനിരയായവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയും ചെയ്തു.

അക്രമം നടത്തിയ ഹിന്ദുത്വര്‍ തന്നെ പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ വൈറലായ ശേഷം വെള്ളിയാഴ്ചയാണ് പോലിസ് ബജ്‌റംഗ്ദള്‍,രാമസേന പ്രവര്‍ത്തകരായ അക്രമികളെ അറസ്റ്റ് ചെയ്തത്. അക്രമികളെ വ്യക്തമായി മനസ്സിലാവുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടും ഹിന്ദുത്വ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിനെതിരേ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പോലിസ് ഇന്നലെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.രാമസേന നേതാവ് ശുഭം ഭാഗേല്‍ ഉള്‍പെടെ അഞ്ച് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തു. മുമ്പും ഹിന്ദുത്വര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണക്കേസുകളില്‍ അറസ്റ്റിലായ വ്യക്തിയാണ് ഭാഗേല്‍. ഭോപാലില്‍ നിന്നു ബിജെപി ടിക്കറ്റില്‍ ജയിച്ച, മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിങ് താക്കൂറുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശുഭം ഭാഗേല്‍. യോഗേഷ് യൂകി, ദീപേഷ് നാംദേവ്, രോഹിത് യാദവ്, ശ്യാം ദെഹ്‌രിയ എന്നിവരാണ് ഇന്നലെ അറസ്റ്റിലായ മറ്റു ഹിന്ദുത്വ പ്രവര്‍ത്തകര്‍.


ഖൈരി ഗ്രാമത്തിലൂടെ ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു രണ്ട് യുവാക്കളെയും ഒരു യുവതിയെയുമാണ് ബീഫ് കൈവശം വച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടിയിട്ടാണ് ആക്രമിച്ചത്. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയെ ചെരുപ്പുകൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണം നടക്കുമ്പോള്‍ നിരവധി പേര്‍ ചുറ്റും കൂടി നില്‍ക്കുന്നത് ദൃശ്യമാണെങ്കിലും ആരും പ്രതികരിക്കുന്നില്ല. മരത്തിലും വൈദ്യുതി തൂണിലും കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.

പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ 'ജയ് ശ്രീറാം വിളിക്കൂ' എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മര്‍ദനമേല്‍ക്കുമെന്ന ഭയം നിമിത്തം മുസ്‌ലിം യുവാക്കള്‍ 'ജയ് ശ്രീറാം' വിളിക്കുന്നുണ്ട്.

നിരവധി പേരാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. എംപി അസദുദ്ദീന്‍ ഉവൈസി അടക്കമുള്ളവര്‍ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. അക്രമികള്‍ക്കെതിരേ കമല്‍നാഥ് സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്നു ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ആവശ്യപ്പെട്ടിരുന്നു.

മോദി ഭരണത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം വര്‍ധിക്കുന്നതായി നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് മുസ്‌ലിംകള്‍ ജീവിക്കുന്നത് ഭയത്തോടെയെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് അസമില്‍ വച്ച് മുസ്‌ലിം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 2019 ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്കുപ്രകാരം 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 44 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 36 പേര്‍ മുസ്‌ലിംകളാണെന്നും പറയുന്നു. 

Tags:    

Similar News