മോട്ടോര്‍ വാഹനവകുപ്പിന്റെ മിന്നല്‍ പരിശോധന; എട്ട് ബസ്സുകളില്‍ ക്രമക്കേട് കണ്ടെത്തി, ഇന്ന് ഉന്നതതല യോഗം

ഇടപ്പള്ളിയില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസ്സുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി ബസ്സുകള്‍ക്കു റൂട്ട് പെര്‍മിറ്റും ബുക്കിങ് ഓഫിസുകള്‍ക്ക് ലൈസന്‍സുമില്ലെന്നു പരിശോധനയില്‍ കണ്ടെത്തി.

Update: 2019-04-25 02:03 GMT

കൊച്ചി: സംസ്ഥാനത്ത് അന്തര്‍സംസ്ഥാന സ്വകാര്യബസ്സുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഇടപ്പള്ളിയില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസ്സുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി ബസ്സുകള്‍ക്കു റൂട്ട് പെര്‍മിറ്റും ബുക്കിങ് ഓഫിസുകള്‍ക്ക് ലൈസന്‍സുമില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. അനധികൃതമായി ചരക്ക് കടത്തിയ ബസ്സുകള്‍ക്കും പിഴയിട്ടു. കൊച്ചിയിലും തൃശൂരും പരിശോധന തുടരുകയാണ്. ഇതിനൊപ്പം ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളിലും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മോട്ടോര്‍വാഹന വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ 23 ടൂറിസ്റ്റ് ബസ്സുകള്‍ക്കാണ് പിഴ ചുമത്തിയത്.

പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത് ഉള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയ്ക്ക് 5,000 രൂപ വീതം പിഴ ഈടാക്കി. പിഴ ചുമത്തപ്പെട്ട ആറ് വാഹനങ്ങള്‍ യാത്രക്കാരെ മര്‍ദിച്ച കല്ലട ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. 'ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സി'ന്റെ ഭാഗമായാണ് അന്തര്‍സംസ്ഥാന സ്വകാര്യബസ്സുകളില്‍ പരിശോധനകള്‍ നടത്തുന്നത്. അതേസമയം, അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുക്കും.

രാവിലെ 10 മണിക്കാണ് യോഗം. സുരേഷ് കല്ലട ബസ്സിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്. നിയമലംഘനം നടത്തിയ സ്വകാര്യബസ്സുകള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കെതിരേ എങ്ങനെ നടപടി സ്വീകരിക്കുമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. അതിനിടെ, അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളുടെ മറവില്‍ അനധികൃതമായ ചരക്കുനീക്കം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്. ചരക്ക് ഗതാഗത വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ക്രമക്കേടിനെതിരേ നിയമനടപടി കര്‍ശനമാക്കാനാണ് കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ തീരുമാനം. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍നിന്ന് കോയമ്പത്തൂരിലേക്കും ബംഗളൂരുവിലേക്കും പോവുന്ന യാത്രാബസ്സുകളില്‍ ചരക്കുകള്‍ അനധികൃതമായി കടത്തുന്നുണ്ടെന്നാണ് പരാതി. 

Tags:    

Similar News