കളമശ്ശേരി ഭീകരാക്രമണം: അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ല-ജോണ്‍സണ്‍ കണ്ടെഞ്ചിറ

Update: 2023-12-20 12:37 GMT

കൊച്ചി: എട്ടുപേര്‍ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ എസ്ഡിപി ഐ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടെഞ്ചിറ. എസ് ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐജി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതി നല്‍കിയതല്ലാത്ത ഒരു തെളിവുകളൊന്നും കണ്ടെത്താനും തൊണ്ടിമുതല്‍ ശേഖരിക്കാനും പോലിസ് തയ്യാറാവാത്തത് തെറ്റായ സമീപനമാണ്. എറണാകുളം ജില്ലയിലെ ഏറ്റവും തന്ത്രപ്രധാനമായ കളമശ്ശേരിയില്‍ നടന്ന ഭീകരാക്രമണം നിസ്സാരവല്‍ക്കരിക്കാനുള്ള പോലിസിന്റെ ശ്രമം അപകടം വിളിച്ചുവരുത്തും. കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള സംഘപരിവാര്‍, കാസ പോലുള്ള സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരള സമൂഹം ഒന്നടങ്കം ഒന്നിച്ചുനില്‍ക്കണം. അന്വേഷണത്തിലെ അനാസ്ഥ അവസാനിപ്പിച്ച് പോലിസ് മുഴുവന്‍ പ്രതികളെയും കണ്ടെത്താന്‍ തയ്യാറാവണം. ആക്രമണം നടത്താന്‍ പ്രതിക്കുണ്ടായ പ്രചോദനത്തെ കുറിച്ച് അന്വേഷണം കാര്യക്ഷമമല്ലാത്തത് വര്‍ഗീയശക്തികളുടെ ഇത്തരം ശ്രമങ്ങള്‍ക്ക് കൂടുതല്‍ വേഗത നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. മതേതര കേരളത്തിന്റെ പ്രതിച്ഛായയ്ക്കും കേരള പോലിസിന് ഇപ്പോഴുള്ള വിശ്വാസ്യതയ്ക്കും കേരള പോലിസ് മാര്‍ട്ടിനോട് കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്താന്‍ തയ്യാറായില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സംഘപരിവാര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്കുള്ള വര്‍ഗീയ വിഭജനം നോക്കി നില്‍ക്കാന്‍ മാത്രമേ പോലിസിന് കഴിയുമായിരുന്നുള്ളു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഹൈക്കോടതി ജങ്ഷനില്‍ നിന്നരംഭിച്ച മാര്‍ച്ച് സെന്റ് തെരേസാസ് കോളജിനു മുന്നില്‍ പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യാ സിയാദ്, ജില്ലാ സെക്രട്ടറി ബാബു മാത്യു, സിറാജ് കോയ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷെമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്, ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിങ് കെ എം ലത്തീഫ്, സെക്രട്ടറിമാരായ കെ എ മുഹമ്മദ് ഷമീര്‍, ഷിഹാബ് പടന്നാട്ട്, നാസര്‍ എളമന, സി എസ് ഷാനവാസ്, സുധീര്‍ ഏലൂക്കര, ഹാരിസ് ഉമര്‍, എന്‍ കെ നൗഷാദ്, കബീര്‍ കോട്ടയില്‍, അനു വി ശേഖര്‍ നേതൃത്വം നല്‍കി.

Tags:    

Similar News