കളമശ്ശേരി ഭീകരാക്രമണം: ദുരൂഹത പുറത്തുകൊണ്ടുവരണം; എസ് ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി

Update: 2023-12-12 05:26 GMT

കളമശ്ശേരി: എട്ടുപേരുടെ ദാരുണ മരണത്തിന് കാരണമായ കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമമായ കളമശ്ശേരി ഭീകരാക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സ്‌ഫോടനത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത്രയും വലിയ ആസൂത്രണത്തോടുകൂടിയുള്ള ആക്രമണം കേവലം ഡൊമിനിക് മാര്‍ട്ടിന്‍ എന്ന വ്യക്തി ഒറ്റയ്ക്കാണ് ചെയ്തതെന്ന പോലിസ് വാദം സാമാന്യ യുക്തിക്ക് ചേര്‍ന്നതല്ല. അതുകൊണ്ടു തന്നെ ആസൂത്രിതമായ സ്‌ഫോടനം നടത്തിയത് കേവലം കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ എന്ന വ്യക്തിയില്‍ അവസാനിപ്പിക്കാനുള്ള പോലിസ് നിലപാട് അംഗീകരിക്കാനാവില്ല. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അതിന് സഹായം ചെയ്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലിസും സര്‍ക്കാരും തയ്യാറാവണം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ പാര്‍ട്ടി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിഖ് ഏലൂക്കര പറഞ്ഞു. മണ്ഡലം സെക്രട്ടറി ഷാനവാസ് കൊടിയന്‍, മണ്ഡലം ഖജാഞ്ചി നാസിം പുളിക്കല്‍, ജോയിന്റ് സെക്രട്ടറി വി ഇ സലാഹുദ്ദീന്‍, മുനിസിപ്പല്‍ പ്രസിഡന്റ് ഷാനവാസ് ചാലയില്‍ സംസാരിച്ചു.

Tags:    

Similar News