ബിരുദ പരീക്ഷ പാസാവാതെ എംഎക്ക് ചേര്‍ന്നവരെ പുറത്താക്കും; നടപടി സ്വീകരിച്ച് കാലടി സര്‍വകലാശാല

തിങ്കളാഴ്ച തന്നെ അത്തരം വിദ്യാര്‍ഥികളുടെ വിവരം കൈമാറാന്‍ വൈസ് ചാന്‍സലര്‍ വിവിധ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവേശനം വിവാദമായതോടെയാണ് നടപടി.

Update: 2021-12-18 18:21 GMT

കൊച്ചി: കാലടി സര്‍വകലാശാലയില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎക്ക് പ്രവേശനം നേടിയവരെ പുറത്താക്കാന്‍ നടപടി തുടങ്ങി. തിങ്കളാഴ്ച തന്നെ അത്തരം വിദ്യാര്‍ഥികളുടെ വിവരം കൈമാറാന്‍ വൈസ് ചാന്‍സലര്‍ വിവിധ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവേശനം വിവാദമായതോടെയാണ് നടപടി.

ഒന്നു മുതല്‍ അഞ്ച് സെമസ്റ്റര്‍ വരെ ബിരുദ പരീക്ഷ വിജയിച്ചവര്‍ക്കേ എംഎ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയുള്ളു. അങ്ങനെയുള്ളവരേ മാത്രമേ എംഎ ക്ക് പ്രവേശിപ്പിക്കാവൂ. എന്നാല്‍, തോറ്റവര്‍ക്കും കാലടി സര്‍വകലാശാലയില്‍ പ്രവേശനം നല്‍കി എന്ന ആരോപണമാണ് ഉയര്‍ന്നത്.

അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎ ക്ക് പ്രവേശനം നേടിയവരെ പുറത്താക്കാനാണ് നിലവിലെ തീരുമാനം. ഇത്തരത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരം കൈമാറാന്‍ വൈസ് ചാന്‍സലര്‍ വിവിധ വകുപ്പ് അദ്ധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുമ്പ് വിവരം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ അഞ്ചാം സെമസ്റ്റര്‍ വിജയിച്ചവരാണ് പ്രവേശന പരീക്ഷ എഴുതിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സര്‍വകലാശാലയുടെ വിശദീകരണം.

ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ എഴുതാം. ഇവര്‍ മൂന്ന് മാസത്തിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതനുസരിച്ച് ഈ മാസം 31നകം ഫൈനല്‍ മാര്‍ക്ക് ഷീറ്റോ ബിരുദ സര്‍ട്ടിഫിക്കറ്റോ നല്‍കാത്തവരുടെ അഡ്മിഷന്‍ റദ്ദാക്കാനും ഇത് ഉറപ്പു വരുത്താനും വിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇക്കാര്യം കര്‍ശനമായി പാലിക്കാന്‍ പ്രഫസര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് എക്‌സാമിനേഷന്‍ വകുപ്പ് അധ്യക്ഷന്മാരോടും പ്രാദേശിക കേന്ദ്രം ഡയറക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.


Tags:    

Similar News