ഫസല്‍ വധക്കേസിലെ സിപിഎം പങ്ക് പുറത്തുകൊണ്ടുവന്ന കെ രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരിക്ക്; ദുരൂഹതയില്ലെന്ന് പോലിസ്

പ്രതികളായ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അപകടം.

Update: 2021-11-27 14:42 GMT

കൊച്ചി: ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവന്നതിന് ഇടതു സര്‍ക്കാറിന്റെ വേട്ടയാടലിന് വിധേയനായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരിക്ക്. പ്രതികളായ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അപകടം.

തൃപ്പൂണിത്തുറയിലെ ഇദ്ദേഹത്തിന്റെ വീടിനു മുന്നില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഓട്ടോറിക്ഷയെ മറികടന്നു വന്ന സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം. നടുവിനും തലയ്ക്കും പരുക്കേറ്റ് രാധാകൃഷ്ണന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലിസിന്റെ് പ്രാഥമിക നിഗമനം.

തൃപ്പൂണിത്തുറ പോലിസ് കേസെടുത്തിട്ടുണ്ട്. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുന്‍പു വിരമിച്ച രാധാകൃഷ്ണന്‍ ബെംഗളുരുവില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്. തന്റെ പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞു വച്ചതിനെതിരേ മുഖ്യമന്ത്രിയെ കണ്ടു പരിഭവം പറഞ്ഞപ്പോള്‍ അദ്ദേഹമതു പരിഗണിക്കാതെ തള്ളിക്കളഞ്ഞതായി രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ ആത്മഹത്യയുടെ വക്കിലാണ് എന്നു പറഞ്ഞപ്പോള്‍ അതാണ് നല്ലതെന്നു പറഞ്ഞ് അധിക്ഷേപിച്ചു വിട്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: