വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ലണ്ടന്‍ ജയിലില്‍ വിവാഹിതനായി

ലണ്ടനിലെ അതീവ സുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലില്‍വച്ചായിരുന്നു വിവാഹം.

Update: 2022-03-23 18:32 GMT

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് തന്റെ പ്രതിശ്രുതവധുവും അഭിഭാഷകയുമായ 38 കാരി സ്‌റ്റെല്ല മോറിസിനെ ബുധനാഴ്ച ലണ്ടന്‍ ജയിലില്‍ വച്ച് വിവാഹം കഴിച്ചതായി അനഡോലു ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലെ അതീവ സുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലില്‍വച്ചായിരുന്നു വിവാഹം.

വളരെ ചെറിയ ചടങ്ങായാണ് വിവാഹം. നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഗാര്‍ഡുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

2019 മുതല്‍ ബെല്‍മാര്‍ഷ് ജയിലില്‍ തടവിലാണ് അസാന്‍ജ്. അമേരിക്കന്‍ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാന്‍ജിനെതിരെയുള്ളത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഏഴ് വര്‍ഷത്തോളം അഭയം തേടിയിരുന്നു ജൂലിയന്‍ അസാന്‍ജ്. എംബസിയിലെ താമസക്കാലം സ്‌റ്റെല്ലക്കൊപ്പമായിരുന്നു അദ്ദേഹം. ഇരുവര്‍ക്കും ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. 2015ലാണ് ഇവരുടെ ബന്ധം ആരംഭിച്ചത്.

സുരക്ഷാ കാരണങ്ങളാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഫോട്ടോഗ്രാഫര്‍മാര്‍ക്കോ ജയില്‍ അനുമതിയില്ല. 'തന്റെ ജീവിതത്തിലെ പ്രണയത്തെ' താന്‍ വിവാഹം കഴിക്കുകയാണെന്ന് സ്‌റ്റെല്ല പറഞ്ഞു. മോറിസിന്റെ വിവാഹ വസ്ത്രവും അസാഞ്ചെയുടെ കില്‍ട്ടും (സ്‌കോട്ടിഷ് പുരുഷന്‍മാരുടെ പരമ്പരാഗത വസ്ത്രമായ ഞൊറിവുവച്ച് ചുറ്റിയുടുക്കുന്ന മുട്ടോളമുള്ള പാവാട) തയ്യാറാക്കിയത് ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനര്‍ വിവിയെന്‍ വെസ്റ്റ്‌വുഡാണ്.

Tags:    

Similar News