വിദ്യാര്‍ഥികള്‍ക്കെതിരേ പ്രതികാര നടപടി; ജെഎന്‍യുവില്‍ പന്തംകൊളുത്തി പ്രതിഷേധം

ഡിസംബര്‍ 12ന് നടക്കുന്ന പരീക്ഷ എഴുതാത്തവരെ പുറത്താക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Update: 2019-12-03 18:50 GMT

ന്യൂഡല്‍ഹി: സര്‍വ്വകലാശാല അധികൃതരുടെ പ്രതികാര നടപടിക്കെതിരേ ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ പന്തംകൊളുത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കിയ സര്‍വകലാശാലയുടെ പുതിയ സര്‍ക്കുലറിനെതിരെയാണ് സമരം. സര്‍ക്കുലര്‍ സര്‍വ്വകലാശാല അധികൃതരുടെ പ്രതികാര നടപടിയുടെ ഭാഗമാണെന്നാണ് സമരക്കാര്‍ പറയുന്നത്.

എത്രയും വേഗം അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമര്‍പ്പിക്കണമെന്നുമാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടത്. സര്‍ക്കുലര്‍ അംഗീകരിക്കാത്ത വിദ്യാര്‍ഥികളെ റോള്‍ ഔട്ട് ആയി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 12ന് നടക്കുന്ന പരീക്ഷ എഴുതാത്തവരെ പുറത്താക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ പന്തംകൊളുത്തിയുള്ള പ്രതിഷേധം തുടരുകയാണ്. നിരവധി വിദ്യാര്‍ത്ഥികളാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഐഷെ ഘോഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

Tags:    

Similar News