ജെഎന്‍യു വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടനയും

ഹോസ്റ്റല്‍ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. ജെഎന്‍യു കാംപസിനോട് ചേര്‍ന്ന ഓഡിറ്റോറിയത്തില്‍ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സിലറെയും വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.

Update: 2019-11-11 19:11 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടനയും. വിസിയെ മാറ്റണമെന്ന് ജെഎന്‍യു അധ്യാപക അസോസിയേഷനും ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനക്കെതിരായ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അധ്യാപക അസോസിയേഷന്‍ വ്യക്തമാക്കി.

കഴിവുകെട്ട വൈസ് ചാന്‍സിലറെ മാറ്റണമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയനും ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും പിന്തുണ സമരത്തിന് നല്‍കണമെന്നും വിദ്യാര്‍ഥി യൂനിയന്‍ വ്യക്തമാക്കി. സമരത്തിന്റെ ഭാവി പദ്ധതികള്‍ ആലോചിക്കാന്‍ യൂനിയന്‍ രാത്രി യോഗം വിളിച്ചു.

ഹോസ്റ്റല്‍ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. ജെഎന്‍യു കാംപസിനോട് ചേര്‍ന്ന ഓഡിറ്റോറിയത്തില്‍ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സിലറെയും വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചും വലിച്ചിഴച്ചും നീക്കിയാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റു.

കഴിഞ്ഞ മൂന്നാഴ്ചയായി ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. ഹോസ്റ്റലില്‍ ഭക്ഷണം കഴിക്കാനെത്തുമ്പോള്‍ ഡ്രസ് കോഡ് നടപ്പിലാക്കുക, ഹോസ്റ്റലില്‍ കയറേണ്ട സമയം രാത്രി 11 മണിയെന്ന് നിജപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ ഹോസ്റ്റല്‍ മാന്വല്‍ ജെഎന്‍യു അധികൃതര്‍ വിദ്യാര്‍ഥി യൂണിയനുമായി ചര്‍ച്ച ചെയ്യാതെ തയ്യാറാക്കിയത്.

ഇത് അംഗീകരിക്കാനാവില്ലെന്നും നടപ്പിലാക്കരുതെന്നും വിദ്യാര്‍ഥി യൂണിയനുമായി ചര്‍ച്ച ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഭാഗം കൂടി കേള്‍ക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. കഴിഞ്ഞ മൂന്നാഴ്ചയായി നടന്ന സമരം അധികൃതര്‍ അവഗണിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സിലറെയും തടഞ്ഞത്.

Tags:    

Similar News