ഭീഷണി ഇത്തവണ പോലിസില്‍ നിന്ന്; താന്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെടുമെന്ന് ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്

ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി എംഎല്‍എ ആയതോടെ നിരന്തരം വധഭീഷണി ഉയരുന്നുണ്ട്. എന്നാല്‍ സുരക്ഷയൊരുക്കേണ്ട പോലിസിന്റെ ഭാഗത്തുനിന്നാണ് ഇത്തവണ ഭീഷണിയുയര്‍ന്നത്.

Update: 2019-02-10 18:44 GMT

അഹമ്മദാബാദ്: തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട് വദ്ഗാം എംഎല്‍എയും ദലിത് മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി. ഗുജറാത്തിലെ ഉന്നത പോലിസുദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുടെയും വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലാണ് മേവാനിക്കെതിരായ വധഭീഷണിയെന്ന് ആരോപിക്കുന്ന സന്ദേശങ്ങള്‍ വന്നത്. അഹമ്മദാബാദ് ഡിവൈഎസ്പി ആര്‍ ബി ദേവ്തയാണ് രണ്ടു വീഡിയോ സന്ദേശങ്ങളും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. രാഷ്ട്രീയ പ്രവര്‍ത്തകനെന്ന് തോന്നിക്കുന്ന ഒരാളെ പോലിസ് സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ആദ്യ വീഡിയോ. മറ്റൊന്നില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് യുപി പോലിസ് ചെയ്ത ഏറ്റുമുട്ടല്‍ കൊലകളെ ന്യായീകരിക്കുന്ന അഭിമുഖമാണ്. ഈ രണ്ടു വീഡിയോകള്‍ക്ക് അടിക്കുറിപ്പായി 'ഇനി പോലിസിന്റെ തന്തയാവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയും പോലിസിനെ 'ലഖോട്ട'യെന്ന വിശേഷിപ്പിച്ചവര്‍ക്കെതിരേയും പോലിസ് നടപടി ഇത്തരത്തിലാകുമെന്ന് ഡിവൈഎസ്പി കുറിക്കുകയും ചെയ്തു. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ തനിക്കെതിരേ ഏറ്റുമുട്ടല്‍ കളമൊരുങ്ങുന്നതായി ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ദലിത് പ്രവര്‍ത്തകന്‍ ബാനു വങ്കറിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ബന്ദിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പോലിസിനോട് കയര്‍ത്ത ജിഗ്നേഷ് പോലിസിനെ ലഖോട്ടയെന്ന പദമാണ് വിശേഷിപ്പിച്ചത്. ഇതാണ് ജിഗ്നേഷിനെയാണ് ഉന്നംവയ്ക്കുന്നതെന്ന സംശയമുണ്ടാവാനിടയാക്കിയത്. അതേസമയം, ഭീഷണിക്കെതിരേ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് മേവാനി. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി എംഎല്‍എ ആയതോടെ നിരന്തരം വധഭീഷണി ഉയരുന്നുണ്ട്. എന്നാല്‍ സുരക്ഷയൊരുക്കേണ്ട പോലിസിന്റെ ഭാഗത്തുനിന്നാണ് ഇത്തവണ ഭീഷണിയുയര്‍ന്നത്. അതേസമയം തനിക്ക് വന്ന മെസേജ് ഷെയര്‍ ചെയ്തുവെന്നാണ് ഡിവൈഎസ്പി പ്രതികരണം.


Tags:    

Similar News