ബിജെപി നേതാവിന്റെ മകള്‍ തൂങ്ങിമരിച്ച നിലയില്‍, കണ്ണ് ചൂഴ്‌ന്നെടുത്തു; ബലാല്‍സംഗക്കൊലയെന്ന് കുടുംബം

പ്രതിയുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍.

Update: 2021-06-09 19:37 GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തിലെ മരത്തില്‍ ബിജെപി നേതാവിന്റെ 16 വയസുകാരിയായ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വലത് കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തില്‍ തൂക്കിയതാണെന്നു പോലിസ് പറഞ്ഞു. ബലാല്‍സംഗക്കൊലയാണെന്ന് കുടുംബം ആരോപിച്ചു. പങ്കി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബുധബാര്‍ ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്തവളായിരുന്നു പെണ്‍കുട്ടി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണിന്റെ കോള്‍ ഡാറ്റ റെക്കോര്‍ഡുകളുടെ (സിഡിആര്‍) പ്രാഥമികാന്വേഷണത്തില്‍ പ്രദീപ് കുമാര്‍ സിങ് ധനുക്(23) എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ ധനുക് വിവാഹിതനാണെന്നും ഇയാള്‍ക്കൊപ്പം കൂട്ടുപ്രതികള്‍ ഉണ്ടാവാമെന്നും പോലിസ് പറഞ്ഞു.

    ഇക്കഴിഞ്ഞ ജൂണ്‍ 7 ന് രാവിലെ 10ന് വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് കുടുംബം പറഞ്ഞു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച പരാതി നല്‍കിയതായി പങ്കി പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ചുമതലയുള്ള അശോക് കുമാര്‍ പറഞ്ഞു. അന്വേഷണത്തിലാണ് ബുദബാര്‍ ഗ്രാമത്തിനടുത്തുള്ള കാട്ടിലെ മരത്തില്‍ നിന്ന് മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ഒരു മരത്തില്‍ നിന്ന് തുണി ഉപയോഗിച്ച് കെട്ടിത്തൂക്കിയതാണെന്നാണ് കണ്ടെത്തില്‍. വലത് കണ്ണ് ചൂഴ്‌ന്നെടുത്തിരുന്നു. ആത്മഹത്യയെന്നു തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം മരത്തില്‍ തൂക്കിയിട്ടതാണെന്നാണ് സംശയം.

    മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിനഗറിലെ മെഡിനി റായ് മെഡിക്കല്‍ കോളജിലേക്ക് അയച്ചു. കൊലപാതകികള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാല്‍സംഗ കേസാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ സ്ഥിരീകരിക്കൂവെന്ന് പാലാമു പോലിസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് കുമാര്‍ പറഞ്ഞു. സാധ്യമായ എല്ലാ കോണുകളില്‍ നിന്നും പോലിസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതിയുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ കുടുംബം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. കുറച്ചുനാള്‍ മുമ്പ് കുടുംബവും പെണ്‍കുട്ടിയും തമ്മില്‍ വാക്കുതര്‍ക്കവും വാക്കേറ്റവും നടന്നതായി വിവരം ഉണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായി. അതേസമയം, കുടുംബത്തിന്റെ സംശയം ദൂരീകരിക്കാന്‍ പോലീസ് അന്വേഷണത്തിന് കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാര്‍ഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷാഹ്ദിയോ പറഞ്ഞു.

Jharkhand BJP leader's daughter found hanging from tree with eye gouged out, kin allege rape-murder

Tags: