വിടവാങ്ങിയത് പണ്ഡിത തറവാട്ടിലെ കാരണവര്‍: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

അദ്ദേഹം വഹിച്ചിരുന്ന പദവി അലങ്കാരമായി കാണാതെ ചുമതലാബോധത്തോടെ ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും വാര്‍ദ്ധക്യ സഹചമായ അവശതകളും, അനാരോഗ്യവുമെല്ലാം അവഗണിച്ച് കൊണ്ട് യാത്രകള്‍ ചെയ്യുകയും സാമൂഹികസാമുദായിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു.

Update: 2022-01-24 09:46 GMT

തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും, തിരുവനന്തപുരം വലിയ ഖാസിയുമായ ഉസ്താദ് ചേലക്കുളം അബുല്‍ ബുഷ്‌റ കെ എം മുഹമ്മദ് മൗലവിയുടെ വിയോഗത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വി എം ഫത്ഹുദ്ദീന്‍ റഷാദി അനുശോചനം അറിയിച്ചു.

ആറു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ വൈജ്ഞാനിക പ്രബോധന പ്രചാരണ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിക്കുകയും നിരവധി മഹല്ല്ദര്‍സ് സേവനങ്ങളിലൂടെ നൂറ് കണക്കിന് പണ്ഡിതന്മാരെ വാര്‍ത്തെടുക്കുകയും, സമുദായത്തിന് ദിശാബോധം നല്‍കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത തെക്കന്‍ കേരളത്തിലെ പണ്ഡിത കാരണവര്‍ ചേലക്കുളം ഉസ്താദിന്റെ വേര്‍പാടിലൂടെ മുസ്‌ലിം കൈരളിക്ക് നഷ്ടമായത് പകരം വെയ്ക്കാനില്ലാത്ത പണ്ഡിത പ്രതിഭയെ ആണെന്ന് അദ്ദേഹം അനുസ്മരിച്ചു.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ അദ്ധ്യക്ഷനായിരുന്ന അദ്ദേഹം വഹിച്ചിരുന്ന പദവി അലങ്കാരമായി കാണാതെ ചുമതലാബോധത്തോടെ ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും വാര്‍ദ്ധക്യ സഹചമായ അവശതകളും, അനാരോഗ്യവുമെല്ലാം അവഗണിച്ച് കൊണ്ട് യാത്രകള്‍ ചെയ്യുകയും സാമൂഹികസാമുദായിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു.

രാജ്യത്തെ മുസ്‌ലിം പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും പൗരത്വ വിഷയത്തിലടക്കം ധീരമായ നിലപാട് പ്രഖ്യാപിക്കുകയും, നിരവധി സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുകയും ചെയ്തു. മുസ്‌ലിംകള്‍ ഭിന്നതകള്‍ക്ക് ഇടം നല്‍കാതെ ഐക്യം മുറുകെപ്പിടിച്ച് ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മര്‍ഹൂം ചേലക്കുളം ഉസ്താദിന്റെ പരലോക വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും, വേര്‍പാടില്‍ വേദനിക്കുന്ന ബന്ധുക്കള്‍ക്കും, ശിഷ്യഗണങ്ങള്‍ക്കും, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കുമൊപ്പം ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലും ദുഖത്തില്‍ പങ്ക് ചേരുന്നതായി അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Similar News