യുപിയിലെ പോലിസ് അതിക്രമം; ജാമിഅ വിദ്യാര്‍ഥികള്‍ യുപി ഭവന്‍ ഉപരോധിക്കും

ഉത്തര്‍പ്രദേശിലെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ജാമിഅ വിദ്യാര്‍ഥികള്‍ ദില്ലി ചാണക്യ പുരിയിലെ യുപി ഭവന്‍ ഉപരോധിക്കുന്നത്. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം.

Update: 2019-12-27 02:15 GMT

ലക്‌നൗ: പൗരത്വ നിയമത്തിനെതിരെയുള്ള ജാമിഅ വിദ്യാര്‍ഥി പ്രക്ഷോഭം പതിനേഴാം ദിവസത്തിലേക്ക് കടക്കുന്നു. സിഎഎ പിന്‍വലിക്കുന്നത് വരേ പ്രക്ഷോഭം തുടരുമെന്ന് പറഞ്ഞ വിദ്യാര്‍ഥികള്‍ ഇന്ന് യുപി ഭവന്‍ ഉപരോധിക്കും. ഉത്തര്‍പ്രദേശിലെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ജാമിഅ വിദ്യാര്‍ഥികള്‍ ദില്ലി ചാണക്യ പുരിയിലെ യുപി ഭവന്‍ ഉപരോധിക്കുന്നത്. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ സമരത്തിന് പോലിസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. നേരത്തെ പോലിസ് വിലക്ക് ലംഘിച്ച് വിദ്യാര്‍തികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

അതേസമയം ജാമിഅ മിലിയ സര്‍വ്വകലാശാലയിലെ പോലിസ് നടപടിയില്‍ സര്‍വ്വകലാശാല അന്വേഷണം ആവശ്യപ്പെട്ടു. പോലിസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതിയുടെ അന്വേഷണോ വേണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തോട് സര്‍വ്വകലാശാല ആവശ്യപ്പെട്ടത്. കാംപസില്‍ പോലിസിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. വിദ്യാര്‍ഥികളെ പോലിസ് കായികമായി ആക്രമിച്ചെന്നും കാംപസില്‍ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും സര്‍വ്വകലാശാല വ്യക്തമാക്കുന്നു.

വിദ്യാര്‍ഥികളെ കോളജിനുള്ളിലും ലൈബ്രറിയിലും കയറി പോലിസ് ആക്രമിച്ചിരുന്നു. സര്‍വകലാശാലയില്‍ അതിക്രമിച്ച് കയറിയുള്ള ഡല്‍ഹി പോലിസിന്റെ നടപടി രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.




Tags: