ജാമിഅയിലെ പോലിസ് നരനായാട്ട്: പോലിസ് കാഴ്ച കവര്‍ന്നെടുത്തിട്ടും തളരാതെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടി മിന്‍ഹാജ്

ഈ പ്രബന്ധം തയ്യാറാക്കുന്നതിനായി ലൈബ്രറിയില്‍ ഇരിക്കുമ്പോഴാണ് മുഹമ്മദ് മിന്‍ഹാജുദ്ദീന്റെ കണ്ണ് പോലിസ് അടിച്ചുതകര്‍ത്തത്.

Update: 2020-02-22 03:16 GMT

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ജാമിഅ മില്ലിയ്യ പോലിസ് അഴിച്ചുവിട്ട അതിക്രമത്തിനിടെ കാഴ്ച്ച നഷ്ടപ്പെട്ട മുഹമ്മദ് മിന്‍ഹാജുദ്ധീന് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം. ഈ പ്രബന്ധം തയ്യാറാക്കുന്നതിനായി ലൈബ്രറിയില്‍ ഇരിക്കുമ്പോഴാണ് മുഹമ്മദ് മിന്‍ഹാജുദ്ദീന്റെ കണ്ണ് പോലിസ് അടിച്ചുതകര്‍ത്തത്.

ജാമിയ സര്‍വ്വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ അക്കാദമിക് സമ്മേളനത്തില്‍ അവതിരിപ്പിക്കാന്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കേണ്ട അവസാന തീയ്യതിയായിരുന്നു ഡിസംബര്‍ 15. ചില മിനുക്കു പണികള്‍ നടത്താന്‍ മിന്‍ഹാജുദ്ദീന്‍ വൈകീട്ട് ലൈബ്രറിയിലെത്തി. വായിച്ചുകൊണ്ടിരിക്കെ ലൈബ്രറിയിലേക്ക് ഇരച്ചെത്തിയ പോലിസുകാര്‍ കണ്ണില്‍കണ്ടവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

കണ്ണിന് ഗുരുത പരിക്കേറ്റ് മിന്‍ഹാജ് എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഇടത് കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടും തളര്‍ന്നില്ല. വലത് കണ്ണ് തുറന്ന് പിടിച്ച് വായിച്ചു. ബുധനാഴ്ച്ച നടന്ന അക്കാദമിക് സമ്മേളനത്തില്‍ മാനവവിഭവ ശേഷി വിഭാഗത്തില്‍ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് മിന്‍ഹാജ് ഏറ്റുവാങ്ങി.

കാംപസില്‍ നടന്ന പ്രതിഷേധങ്ങളിലൊന്നും പങ്കെടുക്കാതിരുന്നിട്ടും ക്രൂരമര്‍ദ്ദനമാണ് മിന്‍ഹാജിന് പോലിസില്‍നിന്ന് ഏല്‍ക്കേണ്ടിവന്നത്. പൊലീസിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. പഠനം പൂര്‍ത്തിയാക്കി ദില്ലിയില്‍ തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് നിയമ വിദ്യാര്‍ത്ഥിയായ മിന്‍ഹാജുദ്ദീന്‍ പറയുന്നു.


Tags:    

Similar News