ജറുസലേമില്‍ യുഎസ് വനിതകള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം

വെര്‍ജീനിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ നൂര്‍, സഫ ഹവാഷ് എന്നിവര്‍ക്കാണ് ജറുസലേമിലേക്കുള്ള തങ്ങളുടെ പ്രഥമ യാത്രക്കിടെ ഈ മാസം 12ന് സയണിസ്റ്റ് സൈന്യത്തില്‍ നിന്ന് തിക്താനുഭവമുണ്ടായത്.

Update: 2019-03-29 18:27 GMT

വാഷിങ്ടണ്‍: ജറുസലേമിലെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഹറമുല്‍ ശരീഫ് സന്ദര്‍ശിക്കുന്നതിനിടെ ഖുബ്ബത്തുല്‍ സഹ്‌റയുടെ പുറത്ത് വച്ച് യുഎസ് പൗരന്‍മാര്‍ക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ മര്‍ദ്ദനം.വെര്‍ജീനിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ നൂര്‍, സഫ ഹവാഷ് എന്നിവര്‍ക്കാണ് ജറുസലേമിലേക്കുള്ള തങ്ങളുടെ പ്രഥമ യാത്രക്കിടെ ഈ മാസം 12ന് സയണിസ്റ്റ് സൈന്യത്തില്‍ നിന്ന് തിക്താനുഭവമുണ്ടായത്.


വെര്‍ജീനിയയിലെ ഫാള്‍സ് ചര്‍ച്ചില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തങ്ങള്‍ നേരിട്ട ആക്രമണത്തെ ക്കുറിച്ച് സഫ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ മനസ്സ് തുറന്നത്. തങ്ങള്‍ ഖുബ്ബത്തുല്‍ സഹ്‌റയുടെ ചിത്രം പകര്‍ത്തുകയായിരുന്നു. പെട്ടെന്നാണ് വെടിയൊച്ച കേട്ടതും ഇസ്രായേല്‍ സൈന്യം ഇരച്ചെത്തിയതും. കണ്ണില്‍കണ്ടവരെയൊക്കെ സൈന്യം വിരട്ടി ഓടിക്കുകയാണ്. നിമിഷങ്ങള്‍ക്കം കൂടുതല്‍ സൈന്യം പ്രദേശത്തേക്ക് ഇരച്ചെത്തി. ആളുകള്‍ ചിതറിയോടുന്നതിനിടെ ഒറ്റപ്പെട്ടുപോയ വീല്‍ ചെയറിലുള്ള വൃദ്ധയെ സഹായിക്കാന്‍ ശ്രമിച്ച നൂറിനെ വനിതാ സൈനിക കടന്നു പിടിക്കുകയും താഴെ വീഴ്ത്തി കയ്യാമം വെയ്ക്കുകയും ചെയ്തു.

യുഎസ് പൗരയാണെന്ന് തെളിയിക്കുന്നതിന് നൂര്‍ പാസ്‌പോര്‍ട്ട് കാണിച്ചപ്പോള്‍ അതു പിടിച്ചുവാങ്ങി വലിച്ചെറിയുകയും നീ ആരാണെങ്കിലും തനിക്കത് പ്രശ്‌നമല്ലെന്നു സൈനിക ആക്രോശിക്കുകയും കയ്യാമം വയ്ക്കുന്നത് തുടരുകയും ചെയ്തതായി സഫ പറഞ്ഞു.ഇതിനിടെ ഇവരുടെ മാതാവ് മാതാവ് ജെര്‍മീന്‍ അബ്ദുല്‍കരീം താഴെ വീണിരുന്നു.


അതിനിടെ കൂടുതല്‍ പുരുഷ സൈനികരെത്തി നൂറിനെ വളയുകയും ആക്രമിക്കുകയും ചെയ്‌തെന്നും സഫ വ്യക്തമാക്കി. തങ്ങളെ മര്‍ദ്ദിക്കുകയും തൊഴിക്കുകയും കയ്യാമം വയ്ക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. ഇസ്രായേല്‍ സൈന്യത്തിന്റെ ഈ കിരാത ചെയ്തിയെ യുഎസ് കോണ്‍ഗ്രസും അപലപിക്കണമെന്നും കടുത്ത നടപടി സ്വീകരിക്കണമെന്നും സഫ ആവശ്യപ്പെട്ടു.

Tags:    

Similar News