ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ച സൗദി പൗരന്‍ അറസ്റ്റില്‍

ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മുസ്‌ലിംകള്‍ക്കുള്ള ട്രാക്കിലൂടെ മാധ്യമപ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു.

Update: 2022-07-22 15:58 GMT

ജിദ്ദ: വിശുദ്ധ നഗരമായ മക്കയില്‍ പ്രവേശിക്കാന്‍ ഇസ്രായേല്‍ ചാനലിലെ അമുസ്‌ലിം മാധ്യമപ്രവര്‍ത്തകനെ സഹായിച്ച സൗദി പൗരന്‍ അറസ്റ്റില്‍. ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തകനെതിരേ ഓണ്‍ലൈനില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യ പോലിസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മുസ്‌ലിംകള്‍ക്കുള്ള ട്രാക്കിലൂടെ മാധ്യമപ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു.

മുസ്‌ലിംകളല്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്. അതിന്റെ ലംഘനമാണ് സൗദി പൗരന്‍ ചെയ്തത്. മുസ്‌ലിം ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെ കൊണ്ടുപോവുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റീജനല്‍ പോലിസ് മാധ്യമ വക്താവ് പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങള്‍, പ്രത്യേകിച്ചും ഇരു ഹറമുകളുമായും പുണ്യസ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങള്‍ മാനിക്കുകയും പാലിക്കുകയും വേണം. ഇക്കാര്യത്തിലുള്ള ഏതു നിയമലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും. ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസൃതമായി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും.

രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെതിരായ കേസ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലിസ് അറിയിച്ചു.

ഇസ്രയേലിലെ ചാനല്‍ 13ലെ അമേരിക്കന്‍ പൗരനായ ഗില്‍ തമാരി എന്ന മാധ്യമപ്രവര്‍ത്തകന്‍ തിങ്കളാഴ്ച്ച അമുസ്‌ലിംകള്‍ക്ക് പ്രവേശന വിലക്കുള്ള വിശുദ്ധ നഗരമായ മക്കയിലേക്ക് നിരോധനം അവഗണിച്ച് പ്രവേശിക്കുന്നതിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഏകദേശം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, തമാരി എല്ലാ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പാരമ്യത്തില്‍ മുസ്‌ലിം തീര്‍ത്ഥാടകര്‍ തമ്പടിക്കാറുള്ള മൗണ്ട് അറഫ സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ളവ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളുണ്ട്.

Tags:    

Similar News