വീണ്ടും ഇസ്രായേല്‍ ക്രൂരത; ഫലസ്തീന്‍ കൗമാരക്കാരനെ വെടിവച്ചു കൊന്നു

Update: 2022-09-16 04:43 GMT

റാമല്ല: വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനിന് സമീപം ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീന്‍ കൗമാരക്കാരനെ കൊലപ്പെടുത്തി.

ജെനിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള കുഫ്ര്‍ ദാന്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഒഡൈ ട്രാഡ് സലാഹ് എന്ന 17 കാരനെ വെടിവച്ച് കൊന്നതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യം കുഫ്ര്‍ ദാനില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഏറ്റുമുട്ടലുകള്‍ ആരംഭിച്ചിരുന്നു. കുറഞ്ഞത് മൂന്ന് ഫലസ്തീനികള്‍ക്കെങ്കിലും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

കുഫ്ര്‍ ദാനില്‍ ഇസ്രായേല്‍ സേന വെടിവച്ച് കൊന്ന രണ്ട് പേരുടെ വീടുകളിലും ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

23 വയസ്സുള്ള അഹമ്മദ് അബേദ്, അബ്ദുള്‍ റഹ്മാന്‍ ആബേദ് (22) എന്നിവര്‍ ജെനിന് വടക്ക് ജലാമ സൈനിക ചെക്ക്‌പോസ്റ്റില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ഇസ്രായേല്‍ സൈനികനെ വധിച്ചിരുന്നു.

'സായുധരായ പ്രതികള്‍ സ്‌ഫോടക വസ്തുക്കളും മൊളോടോവ് കോക്‌ടെയിലുകളും എറിയുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിന് മറുപടിയായി സൈനികര്‍ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 'ഇസ്രായേല്‍ സൈന്യം പറഞ്ഞു.

വ്യാഴാഴ്ച, ഇസ്രായേല്‍ സൈന്യം അവരുടെ കുടുംബങ്ങളുടെ വീടുകള്‍ പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ നടത്തി. ബന്ധുക്കളില്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് അവര്‍ പുരുഷന്മാരുടെ കുടുംബങ്ങളെ ഫീല്‍ഡ് ചോദ്യം ചെയ്യലിനും വിധേയമാക്കി.

ജെനിനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ജെനിന്‍ മേഖലയില്‍ നിന്നുള്ള 11 പേര്‍ ഉള്‍പ്പെടെ 18 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ഒറ്റരാത്രികൊണ്ട് പിടികൂടി. ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ കണക്കനുസരിച്ച് അതില്‍ എട്ട് പേര്‍ കുഫ്ര്‍ ദാനില്‍ നിന്നുള്ളവരാണ്.

അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളമുള്ള പലസ്തീന്‍ പട്ടണങ്ങളില്‍ ഇസ്രായേല്‍ സൈന്യം പതിവായി റെയ്ഡുകളും തിരച്ചിലും അറസ്റ്റും നടത്തുന്നു. എല്ലാദിവസവും അറസ്റ്റുകള്‍ നടക്കുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News