അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്രായേല്‍ വെടിവെപ്പ്; ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

. ശനിയാഴ്ച ജെനിനിലെ ക്യാംപില്‍ നടന്ന വെടിവെപ്പില്‍ 13 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 19കാരിയുടെ വയറിനും വെടിയേറ്റിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Update: 2022-04-09 15:10 GMT

ജെനിന്‍: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാംപിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ശനിയാഴ്ച ജെനിനിലെ ക്യാംപില്‍ നടന്ന വെടിവെപ്പില്‍ 13 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 19കാരിയുടെ വയറിനും വെടിയേറ്റിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സൈനിക വിഭാഗമായ അല്‍ഖുദ്‌സ് ബ്രിഗേഡിലെ അംഗമായിരുന്ന അഹ്മദ് അല്‍ സാദിയാണ് കൊല്ലപ്പെട്ട ഫലസ്തീനി.

അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്ത് ഫലസ്തീന്‍ സായുധ വിഭാഗങ്ങളുടെ ശക്തികേന്ദ്രമായ ജെനിന്‍ ക്യാംപില്‍ സൈനിക നടപടി തുടരുകയാണെന്ന് ഇസ്രായേല്‍ സൈന്യം എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തെല്‍ അവീവിലെ പ്രശസ്തമായ നൈറ്റ് ലൈഫ് ജില്ലയില്‍ വ്യാഴാഴ്ച ഫലസ്തീന്‍ പോരാളി നടത്തിയ വെടിവയ്പില്‍ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 28കാരനായ റഅദ് ഹൈസമാണ് വെടിവയ്പ് നടത്തിയതെന്നും ഹൈസമിനെ വധിച്ചതായും ഇസ്രായേല്‍ പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ശനിയാഴ്ച റെയ്ഡ് നടന്നത്. കഴിഞ്ഞ മാര്‍ച്ച് 22 മുതല്‍ ഇസ്രായേലിന്റെ ആക്രമണത്തിനിടെ 14 ഫലസ്തീനികളാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്.

Tags: