അതിക്രമങ്ങള്‍ക്കു പിന്നാലെ അല്‍ അഖ്‌സാ മസ്ജിദ് ഡയറക്ടറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇസ്രായേല്‍

അല്‍ കിസ്വാനിയെ ഇസ്രായേല്‍ പോലിസും രഹസ്യാന്വേഷണ വിഭാഗവും മുമ്പ് നിരവധി തവണ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Update: 2021-04-19 06:41 GMT

ജറുസലേം: അല്‍ അഖ്‌സാ മസ്ജിദ് ഡയറക്ടര്‍ ഷെയ്ഖ് ഉമര്‍ അല്‍ കിസ്വാനിയെ ചോദ്യം ചെയ്യലിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം വിളിപ്പിച്ചതായി ജോര്‍ദാനു കീഴിലുള്ള ഇസ്‌ലാമിക് എന്‍ഡോവ്‌മെന്റ് അതോറിറ്റി അറിയിച്ചു. ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന അതോറിറ്റി, ഇസ്രയേല്‍ നീക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇസ്രായേല്‍ അധികൃതരും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. അല്‍ കിസ്വാനിയെ ഇസ്രായേല്‍ പോലിസും രഹസ്യാന്വേഷണ വിഭാഗവും മുമ്പ് നിരവധി തവണ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ സ്ഥലമാണ് അല്‍അഖ്‌സാ മസ്ജിദ്.

പുരാതന കാലത്തെ രണ്ട് യഹൂദ ക്ഷേത്രങ്ങള്‍ നിലനിന്ന സ്ഥലമെന്ന് അവകാശപ്പെട്ട് ഈ പ്രദേശത്തെ ജൂതന്‍മാര്‍ 'ടെംപിള്‍ മൗണ്ട്' എന്നാണ് വിളിച്ചുവരുന്നത്. 2003 മുതല്‍, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെ മിക്കവാറും എല്ലാ ദിവസങ്ങളിലും ജൂത കുടിയേറ്റക്കാര്‍ക്ക് മസ്ജിദുല്‍ അഖ്‌സ വളപ്പിലേക്ക് കടന്നകയറാന്‍ ഇസ്രായേല്‍ മൗനാനുവാദം നല്‍കി വരികയാണ്.

1967ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തിത്തിനിടെ ഇസ്രായേല്‍ കൈവശപ്പെടുത്തിയ കിഴക്കന്‍ ജറുസലേമിലാണ് അല്‍ അഖ്‌സ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര സമൂഹം തള്ളിക്കളഞ്ഞ ഒരു നീക്കത്തിലൂടെ 1980ല്‍ ഇസ്രായേല്‍ ഈ നഗരത്തെ മുഴുവന്‍ അധീനതയിലാക്കുകയായിരുന്നു. ഇത്തവണത്തെ റമദാന്‍ ആരംഭിച്ചതിനു പിന്നാലെ ഇസ്രായേല്‍ സൈന്യം മസ്ജിദുല്‍ അഖസയില്‍ അതിക്രമിച്ചു കയറുകയും മിനാരത്തിലേക്കുള്ള വാതിലുകള്‍ എടുത്തുമാറ്റുകയും വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ബാങ്ക് വിളി തടസ്സപ്പെടുത്താന്‍ ഉച്ചഭാഷിണിയിലേക്കുള്ള വയറുകള്‍ മുറിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ നീക്കത്തിനെതിരേ ഫലസ്തീന്‍ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഹമാസ് ശക്തമായി മുന്നോട്ട് വന്നിരുന്നു.

Tags:    

Similar News