ശെയ്ഖ് ജര്‍റാഹ് സമര നായകരെ ഇസ്രായേല്‍ വിട്ടയച്ചു

23കാരായ മുന എല്‍കുര്‍ദിനെയും മുഹമ്മദ് അല്‍ കുര്‍ദിനെയുമാണ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേല്‍ സേന വിട്ടയച്ചത്.

Update: 2021-06-07 08:42 GMT

ജെറുസലേം: കിഴക്കന്‍ ജറുസലേം പരിസരത്ത് നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ ബലമായി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിവരുന്ന ഇരട്ട സഹോദരങ്ങളായ പ്രമുഖ ഫലസ്തീന്‍ ആക്റ്റീവിസ്റ്റുകളെ ഇസ്രായേല്‍ പോലിസ് വിട്ടയച്ചു.

23കാരായ മുന എല്‍കുര്‍ദിനെയും മുഹമ്മദ് അല്‍ കുര്‍ദിനെയുമാണ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേല്‍ സേന വിട്ടയച്ചത്. അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹ് മേഖലയില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധങ്ങളുടെ മുന്‍നിര സമരനായകരാണവര്‍.

മുഹമ്മദ് അല്‍ കുര്‍ദിനെ സമന്‍സ് അയച്ച് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിലെടുത്തതെങ്കില്‍ ശൈഖ് ജര്‍റാഹിലെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് മുന അല്‍ കുര്‍ദിനെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തത്.

ഇരുവരേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പോലിസുമായി ഏറ്റുമുട്ടിയിരുന്നു. പിന്നാലെയാണ് ഇരുവരേയും ഇസ്രായേല്‍ പോലിസ് മോചിപ്പിച്ചത്.

Tags: