ഇറാന്റെ ആണവ പദ്ധതിക്കെതിരേ ആക്രമണം നടത്തുമെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍

ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ആക്രമണമാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് വ്യാഴാഴ്ച ആവര്‍ത്തിച്ചതായി അനഡോലു വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Update: 2021-12-03 10:00 GMT

തെല്‍അവീവ്: ഇറാന്റെ ആണവ പദ്ധതിക്കെതിരേ ആക്രമണം നടത്തുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഇസ്രായേല്‍. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ആക്രമണമാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് വ്യാഴാഴ്ച ആവര്‍ത്തിച്ചതായി അനഡോലു വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

'തങ്ങള്‍ തനിച്ചാണെന്ന് തിരിച്ചറിയുമ്പോള്‍, തങ്ങള്‍ എല്ലായ്‌പ്പോഴും ഈ നിമിഷത്തിനായുള്ള മാര്‍ഗങ്ങള്‍ തയ്യാറാക്കണമെന്ന് താന്‍ കരുതുന്നു. താന്‍ വീണ്ടും പറയുന്നു. ഇറാനെതിരിയാ ആക്രമണം ഏക മാര്‍ഗമാണ്. അത് ആദ്യത്തേതായിരിക്കണമെന്നില്ല'- ഗാന്റ്‌സ് പറഞ്ഞു.

ഇസ്രായേലി ദിനപത്രമായ യെദിയോത്ത് അഹ്‌റോനോത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'ഒരു ലോക നേതാവ് എന്ന നിലയില്‍ അമേരിക്ക അതിന്റെ വാഗ്ദാനത്തിനും ഉത്തരവാദിത്തത്തിനും പിന്നില്‍ നില്‍ക്കുമെന്ന്' തനിക്ക് വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനായി അഞ്ചു ബില്യണ്‍ ഇസ്രായേലി ഷെക്കല്‍ (1.56 ബില്യണ്‍ ഡോളര്‍) വിലമതിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍

ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അയണ്‍ ഡോം പ്രതിരോധ സംവിധാനത്തിനുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഇസ്രയേലി വ്യോമസേനയ്ക്കുള്ള ആയുധങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇറാനിയന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗാന്റ്‌സ് അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കുന്നുണ്ട്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, 2015 ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമത്തില്‍ ഇറാനും ലോകശക്തികളും തിങ്കളാഴ്ച വിയന്നയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Tags: