മനുഷ്യാവകാശ സംഘടനകളെയും 'ഭീകരരാക്കി' ഇസ്രായേല്‍

ദ വര്‍ക്ക് ഓഫ് അദ്ദമീര്‍, അല്‍ഹഖ്, ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഫലസ്തീന്‍, യൂണിയന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ വര്‍ക്ക് കമ്മിറ്റീസ്, ബുസാന്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, യൂണിയന്‍ ഓഫ് ഫലസ്തീനിയന്‍ വിമന്‍ കമ്മിറ്റീസ് എന്നിവയുടെ പ്രവര്‍ത്തനമാണ് നിരോധിച്ചത്.

Update: 2021-10-23 11:22 GMT

തെല്‍ അവീവ്: ആറ് പ്രമുഖ ഫലസ്തീന്‍ മനുഷ്യാവകാശ ഗ്രൂപ്പുകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്. ദാതാക്കളുടെ പണം നിയമവിരുദ്ധമായ ഗ്രൂപ്പുകളിലേക്ക് ഒഴുക്കുന്നുവെന്നാരോപിച്ചാണ് നടപടി.

ദ വര്‍ക്ക് ഓഫ് അദ്ദമീര്‍, അല്‍ഹഖ്, ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഫലസ്തീന്‍, യൂണിയന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ വര്‍ക്ക് കമ്മിറ്റീസ്, ബുസാന്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, യൂണിയന്‍ ഓഫ് ഫലസ്തീനിയന്‍ വിമന്‍ കമ്മിറ്റീസ് എന്നിവയുടെ പ്രവര്‍ത്തനമാണ് നിരോധിച്ചത്.

ഇസ്രായേല്‍ നിരോധിത പട്ടികയിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി) യുമായി ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി.

ഇസ്രായേല്‍ അധിനിവേശ സേനയും ഭരണകൂടവും ഫലസ്തീന്‍ അതോറിറ്റിയും (പിഎ) നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധി തവണ പുറത്തുകൊണ്ടുവന്ന സംഘടനകളാണിവ.

ഇസ്രായേല്‍ സൈനിക കോടതികളിലെ ഫലസ്തീന്‍ സുരക്ഷാ തടവുകാരെ പ്രതിനിധീകരിക്കുന്ന അദ്ദമീര്‍, പലസ്തീന്‍ കുട്ടികള്‍ക്കായി വാദിക്കുന്ന ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ എന്നിവയും നിരോധിക്കപ്പെട്ട സംഘടനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

'പലതരത്തിലുള്ള വ്യാജവും വഞ്ചനയും ഉപയോഗിച്ച് ഈ സംഘടനകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ധാരാളം പണം ലഭിക്കുന്നതായും ഈ പണം പിഎഫ്എല്‍പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതായും ഗാന്റ്‌സ് അവകാശപ്പെട്ടു.

'ഫലസ്തീന്‍ സിവില്‍ സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം' എന്നാണ് ഇസ്രായേല്‍ നീക്കത്തെ അദ്ദമീറും മറ്റൊരു ഗ്രൂപ്പായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണലും വിശേഷിപ്പിച്ചത്. 'അവര്‍ക്ക് നമ്മുടെ ഫണ്ടിങ് പിടിച്ചെടുക്കാന്‍ കഴിയും, അവര്‍ക്ക് തങ്ങളെ അറസ്റ്റ് ചെയ്യാം. എന്നാല്‍ ഈ അധിനിവേശം അതിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുമെന്ന തങ്ങളുടെ ഉറച്ചതും അചഞ്ചലവുമായ വിശ്വാസം തടയാന്‍ അവര്‍ക്ക് കഴിയില്ല'- അല്‍ഹഖ് ഡയറക്ടര്‍ ഷവാന്‍ ജബറിന്‍ പറഞ്ഞു.

സംഘനടകളെ നിരോധിച്ചതിലൂടെ ഗ്രൂപ്പുകളുടെ ഓഫിസുകള്‍ അടച്ചുപൂട്ടാനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അധിനിവേശ വെസ്റ്റ് ബാങ്കിലെ അവരുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യാനും അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് നിരോധിക്കാനും ഇസ്രായേല്‍ അധികൃതര്‍ക്ക് കഴിയും.

Tags:    

Similar News