ഇസ്രായേലിനു നേരെ ഹമാസിന്റെ റോക്കറ്റാക്രമണം: വീട് തകര്‍ന്നു; ഏഴു പേര്‍ക്ക് പരിക്ക്

റോക്കറ്റ് പതിച്ച വീടിന് തീപിടിക്കുകയും ഇവിടെയുള്ള ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Update: 2019-03-25 13:25 GMT

തെല്‍അവീവ്: ഇസ്രായേലിനെ ഞെട്ടിച്ച് ഗസാ മുമ്പില്‍നിന്ന് ഹമാസിന്റെ റോക്കറ്റാക്രമണം. തിങ്കളാഴ്ച രാവിലെ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ ഷാരോണില്‍ ഒരു വീടിനു മുകളിലാണ് റോക്കറ്റ് പതിച്ചത്. ഗസയില്‍നിന്നു തൊടുത്ത റോക്കറ്റാണ് നാശം വിതച്ചതെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

റോക്കറ്റ് പതിച്ച വീടിന് തീപിടിക്കുകയും ഇവിടെയുള്ള ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.മിഷ്‌മെറത്തിലെ കര്‍ഷക കുടുംബത്തിന്റെ വീടാണ് തകര്‍ന്നതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. തെക്കന്‍ മുനമ്പിലെ റഫയിലെ ഹമാസ് കേന്ദ്രത്തില്‍നിന്നു തൊടുത്ത മിസൈല്‍ 120 കി.മീറ്റര്‍ സഞ്ചരിച്ചാണ് നാശംവിതച്ചത്. ഹമാസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണിത്.

ഗസയുടെ അതിര്‍ത്തി വേലിയില്‍ നടക്കുന്ന വാര്‍ഷികാഘോഷത്തിനും അടുത്ത മാസം ഒമ്പതിന് ആരംഭിക്കുന്ന ഇസ്രായേല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മുന്നോടിയായി നടന്ന ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.10 ദിവസം മുന്‍പ് ഇസ്രായേലിലെ ജനവാസ മേഖലയില്‍ ഗസയില്‍നിന്ന് റോക്കറ്റാക്രമണമുണ്ടായിരുന്നു.

Tags:    

Similar News